ഐ.എസ് ബന്ധം: അറസ്റ്റിലായവര്‍ എന്‍.ഐ.എ കസ്റ്റഡിയില്‍

കൊച്ചി: ദേശവിരുദ്ധ കുറ്റം ചുമത്തി കണ്ണൂരില്‍നിന്ന് എന്‍.ഐ. എ അറസ്റ്റുചെയ്ത ആറുപേരെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടു.  പ്രാരംഭ ചോദ്യംചെയ്യലിനുശേഷം തിങ്കളാഴ്ച വൈകുന്നേരം എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ പ്രതികളെയാണ് ജഡ്ജി കെ.എം.ബാലചന്ദ്രന്‍ കൂടുതല്‍ അന്വേഷണത്തിനായി 12 ദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍  നല്‍കിയത്.
കണ്ണൂര്‍ മേക്കുന്ന് കനകമലയില്‍ രഹസ്യ യോഗം നടത്തുന്നതിനിടെ പിടിയിലായവരും ഒന്നു മുതല്‍ നാലുവരെ പ്രതികളുമായ കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഉമര്‍ അല്‍ ഹിന്ദി എന്നീ പേരുകളിലറിയപ്പെടുന്ന മന്‍സീദ് (30), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (26), കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബൂബഷീര്‍ (29), കോഴിക്കോട് കുറ്റ്യാടി നങ്ങീലന്‍കുടിയില്‍ ആമു എന്ന റംഷാദ് (24), ഒമ്പതും 10 ഉം പ്രതികളായ മലപ്പുറം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി.സഫ്വാന്‍ (30), കുറ്റ്യാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ.ജാസിം (25) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇവരടക്കം 15 ഓളം പേര്‍ അംഗങ്ങളായ ടെലിഗ്രാം ചാറ്റ് ഗ്രൂപ് വഴി ഐ.എസ് മനോഭാവമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തെന്നാണ് എന്‍.ഐ.എയുടെ കേസ്.
കേരളത്തിലെ രണ്ട് രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥന്‍, രണ്ട് ഹൈകോടതി ജഡ്ജിമാര്‍ എന്നിവരെ അപായപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ഈ ഗ്രൂപ് വഴി നടന്നതായും അന്വേഷണ സംഘം ആരോപിക്കുന്നു. ഏഴ് സ്ഥാപനങ്ങളെ ആക്രമിക്കാനും ഇവര്‍ പദ്ധതിയിട്ടതായി എന്‍.ഐ.എ ആരോപിച്ചു. കൊച്ചിയില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച മതസൗഹാര്‍ദ യോഗത്തിനുനേരെ ആക്രമണ ഭീഷണി നടത്തിയതും ഇവരാണെന്ന് സംശയിക്കുന്നതായും എന്‍.ഐ.എ അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധയിടങ്ങളിലും തമിഴ്നാട്ടിലുമായി നടന്ന റെയ്ഡില്‍ നാലുപേരെ കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കൂടുതല്‍ ചോദ്യംചെയ്യലിനുശേഷം ചൊവ്വാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കേസിലുള്‍പ്പെട്ട 10 പേരുടെ പേരുവിവരങ്ങള്‍ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അന്വേഷണം തുടരുന്നതിനാല്‍  പേര്  വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായില്ല.  
തിങ്കളാഴ്ച ഉച്ചവരെ കളമശ്ശേരിയിലെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തശേഷം കടവന്ത്രയിലെ എന്‍.ഐ.എ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പ്രാരംഭ നടപടികളും വൈദ്യപരിശോധനയും നടത്തി.
തുടര്‍ന്ന് വൈകുന്നേരം 4.45 ഓടെയാണ് കോടതിയില്‍ ഹാജരാക്കിയത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് റംഷാദ്, ജാസിം എന്നിവര്‍ മാത്രമാണ് മറുപടി നല്‍കിയത്. തന്‍െറ കൈ ഞരമ്പ് പൊട്ടിയിട്ടുണ്ടെന്നും സര്‍ജറി കഴിഞ്ഞതായും റംഷാദും നെഞ്ചുവേദനയുള്ളതായി ജാസിമും അറിയിച്ചു. ഇരുവര്‍ക്കും മതിയായ ചികിത്സാ സൗകര്യമൊരുക്കാന്‍ കോടതി നിര്‍ദേശിച്ചു.

Tags:    
News Summary - nia arrested six

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.