ബംഗളൂരു: ബന്ദിപൂർ ടൈഗർ റിസർവിലൂടെയുള്ള ദേശീയപാത 766ൽ നിലവിലുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കർണാടക തള്ളി. കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബംഗളൂരുവിൽ നടത്തിയ ചർച്ചയിലാണ് കർണാടക നിലപാട് വ്യക്തമാക്കിയത്.
ഞാറയാഴ്ച രാവിലെ 9.30 മുതൽ കർണാടക മുഖ്യമന്ത്രിയുടെ ഓഫിസും വസതിയുമായ കൃഷ്ണയിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. പരിസ്ഥിതി ദുർബലപ്രദേശം ഉൾക്കൊള്ളുന്ന കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധം നീക്കണമെന്നും ഇതിലൂടെ മുമ്പത്തേപോലെ രാത്രി യാത്ര അനുവദിക്കണമെന്നുമുള്ളത് കേരളത്തിന്‍റെ ഏറെ കാലമായുള്ള ആവശ്യമാണ്.
ഇതാണ് കർണാടക തള്ളിയിരിക്കുന്നത്. കേരളവും കർണാടകയും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ ബന്ധമുള്ള സംസ്ഥാനങ്ങളാണെന്നും എന്നാൽ കടുവ സങ്കേതം ഉൾകൊള്ളുന്ന ദേശീയപാത 766 വഴിയുള്ള രാത്രിയാത്ര അനുവദിക്കാനാകില്ലെന്നും ചർച്ചക്ക് ശേഷം ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് ഉള്ളതിനാൽ ഇതിലൂടെയുള്ള രാത്രിയാത്രക്കായി ദേശീയപാത തുറക്കാൻ കഴിയില്ലെന്ന് യോഗത്തിൽ പിണറായിയെ കർണാടക മുഖ്യമന്ത്രി അറിയിച്ചു. രാത്രിയാത്ര നിരോധനത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കർണാടക സർക്കാറിന്‍റെ നടപടി ബന്ദിപൂർ നാഷനൽ പാർക്കിന് ചുറ്റും താമസിക്കുന്ന ജനങ്ങളോടും കേരളത്തിലെ ജനങ്ങളോടുമുള്ള കടുത്ത വിവേചനമാണെന്നാണ് കേരളത്തിന്‍റെ നിലപാട്. 2009ലാണ് രാത്രിയാത്ര നിരോധം നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.