തിരുവനന്തപുരം: കലിംഗ സർവകലാശാലയുടെ വ്യാജ ബി.കോം സർട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എം.എസ്.എം കോളജിൽ എം.കോം പ്രവേശനം നേടിയ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനെ എസ്.എഫ്.ഐ പുറത്താക്കി. തുടക്കത്തിൽ നിഖിലിനെ ശക്തമായി ന്യായീകരിച്ച എസ്.എഫ്.ഐ നേതൃത്വം നിഖിലിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സർവകലാശാലയും കലിംഗ സർവകലാശാലയും സ്ഥിരീകരിച്ചതോടെയാണ് അവസാനം കൈവിട്ടത്.
നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുന്ന മാഫിയ സംഘത്തിന്‍റെ സഹായം തേടുന്ന ആളായി മാറിയെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം. ആർഷോ എന്നിവർ വിശദീകരിച്ചു. ഒരിക്കലും എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്തതാണ് അത്. ആക്ഷേപം ഉയർന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റ് ആരോപണം സംഘടനയിൽ ഉയർന്നപ്പോഴാണ് കായംകുളം ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നിഖിലിന് മാറേണ്ടി വന്നത്. ഇതു വാർത്തയായപ്പോൾ നിഷേധിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ജില്ല കമ്മിറ്റിയിലേക്ക് നിഖിൽ തോമസിനായി ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് പറഞ്ഞത്. ആക്ഷേപം ഉയർന്ന ഘട്ടത്തിൽതന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും നിഖിലിനെ മാറ്റിയെന്ന് ഇപ്പോൾ ആർഷോ വിശദീകരിക്കുന്നു.
നിഖിൽ തോമസിനെതിരെ കേരള യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. അനിൽ കുമാർ ഡി.ജി.പിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് നൽകുമെന്ന് പൊലീസ് അറിയിച്ചു. നിയമ നടപടികൾക്ക് തുടക്കം കുറിച്ചതായി കലിംഗ യൂനിവേഴ്സിറ്റി രജിസ്ട്രാർ സന്ദീപ് ഗാന്ധിയും വ്യക്തമാക്കിയതോടെ നിഖിലിനെതിരെ ഛത്തിസ്ഗഢിലും കേസ് ഉറപ്പായി. കായംകുളം എം.എസ്.എം കോളജിൽ രണ്ടാം വർഷ എം.കോം വിദ്യാർഥിയായ നിഖിലിനെ കഴിഞ്ഞ ദിവസം കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അതിനിടെ, വിവാദവുമായി ബന്ധപ്പെട്ട് കേരള യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. അനിൽ കുമാർ ഡി.ജി.പിക്കും എം.എസ്.എം കോളജ് അധികൃതർ കായംകുളം പൊലീസിലും പരാതി നൽകി. ആരോപണത്തിൽ കലിംഗ സർവകലാശാലയും നടപടി തുടങ്ങി. വിദ്യാർഥി സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസ് കലിംഗ സർവകലാശാലയിലേക്ക് പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.