കായംകുളം: എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റിന്‍റെ പിൻബലത്തിലാണ് എം.എസ്.എം കോളജിൽ പഠിക്കുന്നതെന്ന വിവരം പുറത്തുവിട്ടത് എസ്.എഫ്.ഐയിലെ പിടലപ്പിണക്കം. ‘ചെമ്പട കായംകുളം’ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വിവരം ആദ്യമായി പുറത്തുവിട്ടത്.
വ്യാജ സർട്ടിഫിക്കറ്റ് വിഷയം സി.പി.എം അറിഞ്ഞിട്ട് കാലങ്ങളായെങ്കിലും ഇടപെടാതിരുന്നതിന്‍റെ കാരണം തേടുകയാണ് ജനം. സംഘടന പ്രവർത്തനങ്ങളിൽ ഒന്നിച്ച് നടന്നവർ രണ്ട് ചേരിയായി തിരിഞ്ഞതോടെ തങ്ങളുടെ സെക്രട്ടറിയുടെ വ്യാജ സർട്ടിഫക്കറ്റിന്‍റെ വിവരങ്ങൾ ഇവർ നേതൃത്വത്തെ അറിയിച്ചിരുന്നുവത്രെ. ഇതിൽ പരിഹാരമാകായതോടെയാണ് കഴിഞ്ഞ ജനുവരി 23 ന് ‘ചെമ്പട കായംകുളം’ ഫേസ് ബുക്ക് പേജിലൂടെ നിഖിൽ തോമസിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. പിന്നീട് സാമൂഹിക മാധ്യമ യുദ്ധം തന്നെ ഇരു പക്ഷമായി ചേരിതിരിഞ്ഞ് അരങ്ങേറി. ചെമ്പടയിൽ പിന്നീട് പോസ്റ്റുകൾ ഒന്നും വന്നില്ലായെന്നതും ശ്രദ്ധേയമാണ്.
അതേസമയം ഇവർക്ക് എതിരായി വന്ന ‘കായംകുളത്തിന്റെ വിപ്ലവം’ പേജിലൂടെ പരാതിയുമായി വന്നവർക്കും അവരെ പിന്തുണച്ചവർക്കും എതിരെ കടുത്ത അക്രമണമാണ് അഴിച്ചുവിട്ടത്. ഇതിലെ പ്രകോപനമാണ് എസ്.എഫ്.ഐയെ കടുത്ത പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലിന്റെ ഒരു കാരണമെന്നാണ് പറയുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എം.എസ്.എം കോളജിൽ പ്രവേശനം നേടിയതെന്നും സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗവും സിൻഡിക്കേറ്റ് മെമ്പറുമായ കെ.എച്ച്. ബാബുജാനാണ് ഇതിനെ പിന്തുണച്ചതെന്നുമായിരുന്നു ചെമ്പടയിലെ ആരോപണം.
എം.എസ്.എം കോളജിലെ എസ്.എഫ്.ഐയുടെ തോൽവിക്ക് പിന്നാലെ ചേർന്ന ഏരിയ കമ്മിറ്റിയിലും ഇതുന്നയിച്ചിരുന്നതായി ഇവർ പറയുന്നു. ‘ഹയർ സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞ് എം.എസ്.എം കോളജിൽ നിഖിൽ തോമസ് ഡിഗ്രിക്ക് ചേർന്നു. എല്ലാ സെമസ്റ്ററുകളും പൊട്ടിപ്പാളീസായ നിഖിൽ എങ്ങനെയാണ് എംകോം പ്രവേശനം നേടിയത്. വേറെ ഏതോ യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് അഡ്മിഷൻ എടുത്തത്’ എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ആരോപണം. ‘കെ.എച്ച് നിങ്ങൾ കുറിച്ചിട്ടോ വരും ദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ എല്ലാ വിവരങ്ങളും ഞങ്ങൾ തെളിവ് സഹിതം പുറത്തുകൊണ്ടുവരും’ എന്ന മുന്നറിയിപ്പും ഇവർ നൽകിയിരുന്നു. പ്രസ്ഥാനത്തെ വഞ്ചിച്ച് ഒരുത്തനും ഇവിടെ ഞെളിയണ്ട എന്നും കുറിപ്പിലുണ്ടായിരുന്നു. എസ്.എഫ്.ഐയുടെ ജില്ല-സംസ്ഥാന കമ്മിറ്റികൾക്കും മാധ്യമങ്ങൾക്കും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. എന്നിട്ടും വിഷയത്തെ ഗൗരവത്തിലെടുക്കാത്ത നേതൃത്വമാണ് സംഭവം തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് ഇപ്പോൾ പറയുന്നത്.
നേതൃത്വം നിഖിലിന് ഒപ്പം ഉറച്ചുനിന്നതോടെ പ്രകോപിതരായ മറുപക്ഷം കടുത്ത നീക്കങ്ങളിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ എസ്.എഫ്.ഐ കരീലക്കുളങ്ങര ലോക്കൽ സമ്മേളനത്തിന് എത്തിയ ഏരിയ സെക്രട്ടറിയായിരുന്ന നിഖിലിന് മർദനമേൽക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടും കൈവിടുകയാണെന്ന് നേതൃത്വം മനസിലാക്കിയില്ല. പിന്നീട് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടവർ സി.പി.എം ഏരിയകമ്മിറ്റി ഓഫിസിന് മുന്നിൽ സമരം ചെയ്തതും ചർച്ചയായിരുന്നു. ഈ സന്ദർഭത്തിലും പാർട്ടി മൗനം തുടർന്നതോടെയാണ് വിഷയം പുറത്തേക്ക് എത്തിക്കാൻ ഇവർ തയ്യാറായത്.
സംഭവം വിവാദമായപ്പോഴും മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം വൈസ് ചാൻസിലറുടെ ഇടപെടലിലൂടെയാണ് പൊളിയുന്നത്. ഒരുഘട്ടത്തിൽ നിഖിലിന്‍റെ സുഹൃത്തുക്കളായിരുന്നവർ ആധികാരികമായി ഉന്നയിച്ച പരാതിയെ തള്ളിയവർ ഇപ്പോഴാണ് ഇതറിഞ്ഞതെന്ന് പറയുന്നതിലെ വൈരുധ്യവും ചർച്ചയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.