മലപ്പുറം: നിലമ്പൂർ കരുളായി പടുക്ക വന പരിധിയിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടത് പൊലീസ് ഏറ്റുമുട്ടലിൽ തന്നെയാണെന്ന് മലപ്പുറം കലക്ടർ അമിത് മീണയുടെ റിപ്പോർട്ട്. 2016 നവംബർ 24നാണ് മാവോവാദി നേതാക്കളായ കുപ്പുദേവരാജ് (60), അജിത (46) എന്നിവർ കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് കലക്ടർ നടത്തിയ മജിസ്ട്രേറ്റുതല അന്വേഷണ റിപ്പോർട്ട് 2017 നവംബർ 20ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. 500 പേജുള്ള റിപ്പോർട്ടിലെ കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പൊലീസിനു നേരെ മാവോവാദികളും വെടിയുതിർത്തിട്ടുണ്ട്. ഇത് പ്രതിരോധിക്കുേമ്പാഴാണ് കുപ്പുദേവരാജിനും അജിതക്കും വെടിയേറ്റത്. അകലെ നിന്നാണ് ഇരുവർക്കും വെടിയേറ്റതെന്നും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. പിടിച്ചുനിർത്തി പൊലീസ് വെടിവെക്കുകയായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെ ഇത് ബോധ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. ഇതുസംബന്ധിച്ച് നിലമ്പൂരിലും മലപ്പുറത്തും വാദം കേൾക്കൽ നടത്തിയിരുന്നു.
പൊതുപ്രവർത്തകരിൽനിന്നും മനുഷ്യാവകാശപ്രവർത്തകരിൽനിന്നും തെളിവെടുപ്പ് നടത്തിയിരുന്നുവെന്നും എന്നാൽ, ഏറ്റുമുട്ടലല്ലെന്ന് തെളിയിക്കുന്ന രേഖകളൊന്നും ആർക്കും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും കലക്ടർ അറിയിച്ചു. മലപ്പുറം എസ്.പി ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നിലമ്പൂർ കാട്ടിൽ നടത്തിയ ഏറ്റുമുട്ടൽ വ്യാജമാണെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശ കമീഷനും ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നു. ഇേതതുടർന്നാണ് മജിസ്ട്രേറ്റുതലത്തിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.