നീലേശ്വരം (കാസർകോട്): നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് വെടിക്കെട്ട് പുരക്ക് തീപിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് പരിക്കേറ്റവും ദൃക്സാക്ഷികളും.
ഏതാണ്ട് ആയിരത്തോളം ആളുകൾ ക്ഷേത്രങ്കണത്തിലുണ്ടാകും. മാലപ്പടക്കം പൊട്ടിക്കുന്നതിന്റെ സമീപമാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. തീപ്പൊരി വെടിക്കോപ്പുകൾ സൂക്ഷിച്ചിടത്തേക്ക് വീണതാകാം, വലിയ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നുവെന്ന് ദൃക്സാക്ഷികളിലൊരാൾ പറയുന്നു.
എന്നാൽ, മാലപ്പടക്കം പൊട്ടിച്ചത് മുൻ വർഷങ്ങളിൽ പൊട്ടിച്ചിടത്തല്ലെന്ന് നാട്ടുകാരിൽ ഒരാൾ പറയുന്നു. ഇത് അനാസ്ഥയായി ആദ്യമേ തോന്നിയിരുന്നെന്നും ഇത്ര അടുത്ത് പടക്കം പൊട്ടിക്കുന്നത് എന്തിനാണെന്ന് ചോദിച്ചിരുന്നതായി അദ്ദേഹം പറയുന്നു. സിനിമയിലൊക്കെ കാണുന്ന തരത്തിലുള്ള സ്ഫോടനമാണ് ഉണ്ടായത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികളിലൊരാൾ പറയുന്നു.
അതേ സമയം, 24000 രൂപയുടെ പടക്കങ്ങളാണ് വാങ്ങിയിരുന്നതെന്ന് ക്ഷേത്രം കമ്മിറ്റിക്കാർ പൊലീസിനെ അറിയിച്ചു. അപകടത്തിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തതായി ജില്ല കലക്ടർ കെ. ഇമ്പശേഖരൻ അറിയിച്ചു.
മൂവളാംകുഴി ചാമുണ്ഡി തെയ്യത്തിന്റെ തോറ്റം രാത്രി 12 മണിക്കാണ് പുറത്തേക്ക് വരുന്നത്. തോറ്റത്തിന്റെ തട്ടുകൊള്ളതിരിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സമീപത്തെ ഷെഡിനകത്തേക്കാണ് മാറിനിന്നത്. ഇവിടെയാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്.
തോറ്റ പുറപ്പാട് സമയത്ത് ചൈനീസ് പടക്കം പൊട്ടിച്ചിരുന്നു. അതിലൊരു ഗുണ്ട് തെറിച്ച് സ്ത്രീകൾ നിന്നിരുന്ന ഷെഡിന് മുകളിൽ വീഴുകയും അതിൽ നിന്ന് തീപ്പൊരി വീണതോടെ പടക്കശേഖരം കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. മുഖത്തും കൈകൾക്കുമാണ് പലർക്കും പരിക്കേറ്റത്. അപകടത്തിൽ ഏകദേശം 150 ലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. എട്ടു പേരുടെ നില ഗുരുതരമാണ്. നിലവിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.