നിമിഷ ​പ്രിയയുടെ മോചനം: അമ്മയുടെ ഹരജി അപേക്ഷയായി കേന്ദ്രത്തിന് നൽകാൻ ഡൽഹി ഹൈകോടതി നിർദേശം

ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിച്ച മലയാളി യുവതി നിമിഷ ​പ്രിയയുടെ മോചനത്തിന് ഇടപെടൽ തേടിയുള്ള ഹരജി അപേക്ഷയായി കേന്ദ്ര സർക്കാറിന് നൽകാൻ ഡൽഹി ഹൈകോടതി നിർദേശം. നിമിഷ ​പ്രിയയുടെ അമ്മ പ്രേമകുമാരിക്കാണ് ഹൈകോടതി നിർദേശം നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ അപേക്ഷയിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു.

യെമനിലേക്ക് പോകാനും ചർച്ചയിലൂടെ ശിക്ഷയിൽ നിന്ന് മോചനം ലഭിക്കാനും കേന്ദ്ര സർക്കാർ സഹായം തേടിയാണ് പ്രേമകുമാരി കോടതിയെ സമീപിച്ചത്. പാസ്പോർട്ട് അടക്കമുള്ള രേഖകൾ സർക്കാറിന് കൈമാറാനും പ്രേമകുമാരിയോട് കോടതി നിർദേശിച്ചു.

വധശിക്ഷക്കെതിരെ നിമിഷ ​പ്രിയ നൽകിയ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതായി കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

യെമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ്​ സൻആയിലെ അപ്പീല്‍ കോടതി പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചത്​​. തുടർന്ന്​ ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ നേതൃത്വത്തിൽ 'സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലി'ന് രൂപം നൽകി.

ഇതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 'സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ' ഡല്‍ഹി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. തുടർന്ന് നിമിഷയുടെ മോചനത്തിനായി​ യെമൻ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ സഹായം നൽകാമെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു. യെമനിലെത്തി ചർച്ച നടത്താനുള്ള സഹായവും നൽകാമെന്ന്​ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Nimisha Priya's release: High Court directs mother's plea to central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.