പൂക്കാട്ടുപടി: എടത്തിക്കാട് അന്തിനാട്ട് തമ്പിയുടെ മകൾ നിമിഷയെ (19) വീടിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ അന്തർസംസ്ഥാന തൊഴിലാളിയായ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധിയിൽ സംതൃപ്തി പ്രകടപ്പിച്ച് കുടുംബം. കൂടുതൽ കാര്യങ്ങൾ ബന്ധുക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പിതാവ് തമ്പി പറഞ്ഞു.
മുർഷിദാബാദ് സ്വദേശി ബിജു മുല്ലയാണ് പ്രതി. 2018 ജൂലൈ 30 ന് രാവിലെ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. നാല് വർഷവും ഏഴ് മാസവും കഴിഞ്ഞാണ് വിധി. 85 വയസുള്ള മുത്തശ്ശി മറിയാമ്മ ഹാളിൽ വിശ്രമിക്കുന്നതിനിടെ അവിടെയെത്തിയ പ്രതി, മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കവെ തടയാൻചെന്ന നിമിഷയെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തിനു കുത്തേറ്റ നിമിഷ സംഭവസ്ഥലത്തു തന്നെ മരിച്ചു.
മാറംപിള്ളി എം.ഇ.എസ് കോളജിലെ അവസാന വർഷ ബി.ബി.എ വിദ്യാർഥിനിയായിരുന്നു നിമിഷ. ബഹളം കേട്ടെത്തിയ സമീപത്ത് തന്നെ താമസിക്കുന്ന പിതൃസഹോദരൻ ഏലിയാസിന് പ്രതിയെ പിടികൂടുവാൻ ശ്രമിക്കവെ വെട്ടേറ്റ് കൈയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. സംഭവസ്ഥലതതുനിന്ന് ഓടി രക്ഷപ്പെട്ട പ്രതി സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നതിനിടെ നാട്ടുകാർ തിരിച്ചറിയുകയും പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞ് ഓടിയെത്തിയ ഇളയച്ഛൻ റെജിയും മറ്റൊരു അയൽവാസിയും കൂടിയാണ് കഴുത്തിൽ കുത്തേറ്റ് കിടന്ന നിമിഷയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വാതിൽപ്പടിയിലാണ് വെട്ടേറ്റു ചോരയിൽ കുളിച്ച് നിമിഷ കിടന്നിരുന്നത്. പിതാവ് തമ്പി ഓട്ടോറിക്ഷ ഡ്രൈവറാണ്. മാതാവ് ശലോമി. സഹോദരി അന്ന അന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
ബിരുദവിദ്യാർഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മൂർഷിദാബാദ് സ്വദേശി ബിജു മൊല്ലയ്ക്ക് പറവൂർ അഡീ.സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചപ്പോൾ എറണാകുളം റൂറൽ ജില്ല പോലീസിന് അഭിമാന നിമിഷം. പഴുതടച്ച കുറ്റപത്രമാണ് 86 ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിച്ചത്. നാൽപ്പതോളം സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, കൊലപാതകശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ചു കയറൽ തുടങ്ങി പ്രോസ്യുക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളെല്ലാം കോടതി അംഗീകരിച്ചു. ആദ്യം തടിയിട്ടപറമ്പ് പൊലീസാണ് കേസന്വേഷിച്ചത്.
തുടർന്ന് റൂറൽ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഡി.വൈ.എസ്.പിയായിരുന്ന കെ.എസ്.ഉദയഭാനുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.എം നാസർ, ടി.കെ.ജോഷി, എം.ജി.വിൻസൻറ്, സന്തോഷ് ബേബി, സി.പി.അസൈനാർ, അബ്ദുൾ ജലീൽ, സീനിയർ സി.പി.ഒ മാരായ കെ.ബി.പ്രസാദ്, ശരത്കുമാർ, രവിചന്ദ്രൻ, എ.ആർ.ജയൻ തുടങ്ങിയവരായിരുന്നു അന്വേഷണം നടത്തിയത്. തടിയിട്ടപറമ്പ് എസ്.എച്ച്.ഒ ആയിരുന്ന പി.എം.ഷമീർ ആണ് പ്രാഥമിക അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.