നിപ: 11 ഫലങ്ങൾ നെഗറ്റിവ്; 21 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: നിപ മരണങ്ങളും രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിൽനിന്ന് കഴിഞ്ഞ ദിവസം പരിശോധനക്ക് പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റിവ്. രോഗികളുമായി അടുത്ത ബന്ധം പുലർത്തിയ ഹൈറിസ്ക് കാറ്റഗറിയിലുള്ള ആളുകൾക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത് ഏറെ ആശ്വാസം നൽകുന്നതാണ്.

അതിനിടെ 15 ആരോഗ്യ പ്രവർത്തകരടക്കം 30 പേരുടെ സാമ്പിളുകള്‍കൂടി പരിശോധനക്ക് അയച്ചു. ഇതിൽ ഒരു ഡോക്ടർക്ക് നിപ ലക്ഷണങ്ങളുള്ളതായും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച് മൂന്നുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 21 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. നാലുപേർ സ്വകാര്യ ആശുപത്രികളിലും 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്. നിപ സ്ഥിരീകരിക്കപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287 പേർ ആരോഗ്യ പ്രവര്‍ത്തകരാണ്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും കേന്ദ്രസംഘം കോഴിക്കോട്ട് എത്തി. വിവിധ വകുപ്പുകളിൽനിന്നുള്ള വിദഗ്ധരാണ് സംഘത്തിലുള്ളത്. ഇവർ ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പരിശോധനകളിലെ കാലതാമസം ഒഴിവാക്കുന്നതിന് ഐ.സി.എം.ആർ മൊബൈൽ ലാബ് കോഴിക്കോട്ട് എത്തി. സാമ്പ്ൾ രോഗികളെ ചികിത്സിക്കുന്നതിന് നിപ ആന്റിബോഡി കോഴിക്കോട്ട് മെഡിക്കൽ കോളജിൽ എത്തിച്ചു.

അതേസമയം, കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾക്ക് കർശന വിലക്ക് ഏർപ്പെടുത്തി. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രയോജനപ്പെടുത്താം.

സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിമാരായ വീണ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. ഇന്ന് സർവകക്ഷി യോഗം ചേരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. രണ്ടു നിപ മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - Nipah: 11 results negative; 21 people under observation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.