കോഴിക്കോട്: നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതൽ വവ്വാലുകളുടെ സാമ്പിൾ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചു. വൈറസ് തുടക്കത്തിൽ പടർന്നുപിടിച്ച പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിൽ നിന്നാണ് വവ്വാലുകളെ വലവെച്ച് പിടിച്ചത്. ഇതിൽ മൂന്നെണ്ണം പഴംതീനി വവ്വാലുകളാണ്. ദയാവധം ചെയ്ത് ഡ്രൈ ഐസിൽ സൂക്ഷിച്ച ഇവയെയാണ് വ്യാഴാഴ്ച ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയക്കുക. ഇതോടൊപ്പം വവ്വാലിെൻറ കാഷ്ഠം, മൂത്രം എന്നിവയുടെ സാമ്പിളും ലാബിലേക്കയക്കുന്നുണ്ട്. തിങ്കളാഴ്ചയോടെ പരിശോധന ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസർ ഡോ. മോഹൻദാസ് അറിയിച്ചു.
വൈറസിെൻറ ഉറവിടം കെണ്ടത്തുന്നതിനായി കഴിഞ്ഞയാഴ്ച നിപ വൈറസ് ബാധയെ തുടർന്ന് മരിച്ച സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ പുതിയ വീട്ടിലെ ഉപയോഗശൂന്യമായ കിണറിൽനിന്ന് പ്രാണിതീനി വവ്വാലുകളെ ശേഖരിച്ച് ഭോപാലിലേക്കയച്ചിരുന്നു. എന്നാൽ, ഇവയുടെ ഫലം നെഗറ്റിവ് ആണെന്നാണ് പരിശോധനയിൽ വ്യക്തമായത്.
നിപ പോസ്റ്റിൽ കുരുങ്ങി ആരോഗ്യവകുപ്പിെൻറ ഫേസ്ബുക്ക് പേജ്
കോഴിക്കോട്: നിപ വൈറസുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ്. വിവാദമായതോെട പോസ്റ്റ് നീക്കംചെയ്തും പേജിെൻറ പ്രവർത്തനം നിർത്തിവെച്ചും ഖേദംപ്രകടിപ്പിച്ചും ആരോഗ്യവകുപ്പ് അധികൃതർ രംഗത്തെത്തി.
നിപ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രിയിട്ട പോസ്റ്റാണ് വിവാദമായത്. ‘ഇന്നും ഒരു കേസും പോസിറ്റിവ് ആയില്ല. ഏറ്റവും ആശ്വാസമായത് ലിനി സിസ്റ്ററിെൻറ കുട്ടികളുടെ ടെസ്റ്റ് നെഗറ്റിവ് ആയതാണ്. പനി ബാധിച്ചു ഇന്നലെ ആശുപത്രിയിലായതു മുതൽ അതറിഞ്ഞ എല്ലാവരും പ്രാർഥിച്ചിരുന്നു. പ്രാർഥന ഫലിച്ചു’. എന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. വൈദ്യശാസ്ത്രത്തിനൊന്നും ഒരു വിലയുമില്ലേ, പ്രാർഥനയിലൂടെയാണോ എല്ലാം നടന്നത്, മോഹനൻ വൈദ്യരുടെയും വടക്കാഞ്ചേരിയുടെയും വാദത്തെ എതിർത്തവരൊക്കെ എവിടെ എന്നുതുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്. നിപയിൽ കൃത്യമായ ചികിത്സ പിന്തുടരണമെന്നും മറ്റ് അശാസ്ത്രീയ രീതികളെ ആശ്രയിക്കരുതെന്നും സർക്കാറും ആരോഗ്യവകുപ്പും ആവർത്തിച്ച് പറയുന്നതിനിടെയാണ് ഇത്തരമൊരു കുറിപ്പുവന്നത്.
വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. പേജ് കൈകാര്യം ചെയ്തയാൾക്ക് വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ താൽക്കാലികമായി പ്രവർത്തനം നിർത്തിവെക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ ബുധനാഴ്ച രാവിലെ ഇതേ പേജിൽ പോസ്റ്റിട്ടു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. പേജ് ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടതിനാൽ അഡ്മിനെ ഒഴിവാക്കുന്നു എന്നു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി കെ.കെ. ശൈലജ തെൻറ ഔദ്യോഗിക പേജിൽ ഖേദപ്രകടന പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.