കോഴിക്കോട്: നിപ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് തയാറാക്കിയ സമ്പർക്കപട്ടികയിലുള്ളവരുടെ എണ്ണം വർധിക്കുന്നു. നേരത്തെ 188 പേരാണ് സമ്പർക്ക പട്ടികയിൽഉണ്ടായിരുന്നത്. 63 പേരെ കൂടി ചേർത്ത് മൊത്ത സമ്പർക്ക പട്ടിക 251 ആക്കി. നിപ ബാധിച്ചു മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരാണിവർ.
അതേസമയം, രോലക്ഷണങ്ങൾ പ്രകടമായവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാവിനും രണ്ട് ആരോഗ്യ പ്രവർത്തകർക്കുമാണ് നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. അഞ്ചു പേർക്കു കൂടി പുതുതായി രോഗലക്ഷണങ്ങൾ ഉണ്ട്. ആകെ എട്ടു പേരുടെ സാമ്പിളുകൾ പുനെയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം ഇന്ന് വൈകീട്ടോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
251 പേരുടെ സമ്പർക്ക പട്ടികയിൽ നിന്ന് കൂടുതൽ രോഗ സാധ്യതയുള്ളവരുടെ പട്ടികയും പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ഇതിൽ 32 പേരാണുള്ളത്. ഇവരെല്ലാം നിരീക്ഷണത്തിലാണുള്ളത്.
അതേസമയം, നിപ വ്യാപനം തീവ്രമാകാൻ ഇടയില്ലെന്നാണ് കേന്ദ്ര വിദഗ്ധ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലാണ് കേന്ദ്ര സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവിലെ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ നിപ വ്യാപനത്തിന് സാധ്യതയില്ല. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധരെ കേരളത്തിലേക്ക് അയക്കും. പൂണെ വൈറോളജിയിൽ നിന്നുള്ള സംഘം സംസ്ഥാനത്ത് എത്തുന്നുണ്ട്. പ്രാദേശികമായി വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നും കേന്ദ്ര സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നിപ ബാധിച്ച് വിദ്യാർഥി മരിച്ച പാഴൂർ മുന്നൂർ പ്രദേശം ഡോ. പി. രവീന്ദ്രന്റെ നേതൃത്വത്തിൽ കേന്ദ്ര വിദഗ്ധ സംഘം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. കേന്ദ്രസംഘവും ആരോഗ്യവകുപ്പ് അധികൃതരും റമ്പുട്ടാൻ മരത്തിൽ നടത്തിയ പരിശോധനയിൽ പല പഴങ്ങളും പക്ഷികൾ കൊത്തിയ നിലയിലാണ്.
12കാരന് രോഗം പകർന്നത് റമ്പുട്ടാൻ പഴത്തിൽ നിന്നാണെന്ന് കേന്ദ്ര സംഘം നടത്തിയ പരിശോധനയിൽ സംശയിക്കുന്നു. മുഹമ്മദ് ഹാഷിമിന്റെ പിതാവ് അബൂബക്കറിന്റെ ഉടമസ്ഥതയിൽ പുൽപറമ്പ് ചക്കാലൻകുന്നിനു സമീപത്തെ പറമ്പിൽ റമ്പുട്ടാൻ മരമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ അബൂബക്കർ ഇതിലെ പഴങ്ങൾ പറിച്ച് വീട്ടിൽ കൊണ്ടുവന്നിരുന്നു. രോഗം ബാധിച്ച് മരിച്ച ഹാഷിം ഇത് കഴിച്ചിരുന്നുവെന്നാണ് വിവരം. വീട്ടിലുള്ളവർക്കു പുറമെ പരിസര വീട്ടിലുള്ള കുട്ടികളും ഇത് കഴിച്ചിരുന്നുവത്രെ. ഇവരെല്ലാവരും നിലവിൽ ഐസൊലേഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.