മാവൂർ/കോഴിക്കോട്: പാഴൂരിൽ നിപ രോഗബാധയുടെ ഉറവിടം വവ്വാലാകാനാണ് കൂടുതൽ സാധ്യതയെന്ന് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. മിനി ജോസ്. വവ്വാൽ കടിച്ച റമ്പൂട്ടാനിലൂടെയോ അടക്കയിൽനിന്നോ ആകാം രോഗബാധയുണ്ടായതെന്നും അവർ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രദേശത്ത് വവ്വാൽ സാന്നിധ്യമുണ്ട്. ഇവയെ പിടികൂടി സ്രവപരിശോധനക്ക് വിധേയമാക്കും. കാട്ടുപന്നികൾ വൈറസിെൻറ പ്രാഥമിക വാഹകർ ആണ്. അതും പരിശോധിക്കും. ഇവക്ക് രോഗബാധയുണ്ടെങ്കിൽ കൂടുതൽ പന്നികളിലേക്ക് വ്യാപിക്കാനും ചത്തുവീഴാനും സാധ്യതയേറെയാണ്. എന്നാൽ, ഇത്തരം സംഭവങ്ങൾ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല.
ആടുകളിൽനിന്ന് സാമ്പിൾ എടുത്തത് ആ സാധ്യതയും പരിശോധിക്കാനാണ്. ആടുകൾ വൈറസിെൻറ ദ്വിതീയ വാഹകരാണ്. ഒരിക്കൽ നിപ വൈറസിെൻറ ആൻറിബോഡി ഒരു ആടിൽ കണ്ടത് മാത്രമാണ് നിപയുടെ ചരിത്രത്തിലെ ഏകസംഭവം. അതിനാൽ ഉറവിടം ആട് ആകാനുള്ള സാധ്യത വിരളമാണ് -മിനി ജോസ് പറഞ്ഞു.
ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർമാരായ ഡോ. സ്വപ്ന സൂസൻ, ഡോ. നന്ദകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അതിനിടെ, നിപയുെട ഉറവിടം കണ്ടെത്താനായി ശേഖരിച്ച സാമ്പിളുകൾ ഭോപാലിലേക്ക് അയച്ചു. ആറ് ചത്ത വവ്വാലുകളും വവ്വാൽ വിസർജ്യവും 23 ആടുകളുടെ രക്തവും സ്രവവും വവ്വാൽ കടിച്ച റംബൂട്ടാൻ പഴവും അടക്കയുമാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസിലേക്ക് ദൂതൻ വഴി അയച്ചത്. നെടുമ്പാശ്ശേരിയിൽനിന്ന് വിമാനമാർഗം അയക്കുകയായിരുന്നു. നേരത്തേ കാർഗോ, െകാറിയർ കമ്പനികൾ സാമ്പിളുകൾ അയക്കാൻ വിസമ്മതിച്ചിരുന്നു. സാമ്പിളുകളുെട ഫലം പെട്ടെന്ന് ലഭ്യമാകും.
അതിനിടെ, പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം റോഡ് മാർഗം കോഴിക്കോട്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.