കോഴിക്കോട്: നിപ വൈസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബേപ്പൂർ ഹാർബറിലോ, ഫിഷ് ലാൻഡിങ് സെൻററുകളിലോ ബോട്ടുകൾ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ലെന്ന് ജില്ല കലക്ടർ അറിയിച്ചു. ഇതിനു പകരമായി മത്സ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും കോഴിക്കോട് തന്നെയുള്ള വെള്ളയിൽ ഫിഷ് ലാൻഡിംഗ് സെൻററിലോ, പുതിയാപ്പ ഫിഷ് ലാൻഡിംഗ് സെൻററിലോ അടുപ്പിക്കേണ്ടതാണ്. ഇവിടെ മത്സ്യമിറക്കാവുന്നതും, ലേലത്തിനും കച്ചവടത്തിനും ഈ പറയുന്ന ഫിഷ് ലാൻഡിങ് സെന്ററുകളിലേയും, ഹാർബറുകളിലെയും സംവിധാനങ്ങൾ ഉപയോഗപ്പെടുത്താമെന്നും കലക്ടർ ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിൽ, മത്സ്യ കച്ചവടത്തിനും, മത്സ്യ ലേലത്തിനും ബേപ്പൂർ ഹാർബറിലെ സൗകര്യങ്ങൾ
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗപ്പെടുത്താൻ സാധിക്കുകയില്ല. ഇത് പൂട്ടിയിടാൻ ആവശ്യമായ നടപടികൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർ എന്നിവർ ചെയ്യേണ്ടതാണ്. ഇത് കൂടാതെ ബേപ്പൂരിൽ നിന്നുള്ള വള്ളങ്ങൾക്കും ബോട്ടുകൾക്കും, യാനങ്ങൾക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള സൗകര്യങ്ങൾ വെള്ളയിൽ ഫിഷ് ലാൻറിംങ്ങ് സെൻററിലും, പുതിയാപ്പ ഹാർബറിലും ചെയ്തു കൊടുക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ല പൊലീസ് മേധാവി ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. കോസ്റ്റൽ പൊലീസ് പോലീസും ഇക്കാര്യത്തിൽ അധികൃതരെ സഹായിക്കേണ്ടതാണെന്ന് കലക്ടർ നിർദേശിക്കുന്നു.
ജില്ലയിലെ കോർപറേഷൻ പരിധിയിൽപ്പെട്ട ചെറുവണ്ണൂരിൽ നിപ വൈറസ് പൊസിറ്റീവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കോഴിക്കോട് കോർപ്പറേഷനിലെ 43,44,45,46,47,48,51 വാർഡുകളും കണ്ടൈൻമെന്റ്സ് സോണായിട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട പ്രദേശമാണ് ബേപ്പൂർ ഹാർബറും, ബേപ്പൂർ പോർട്ടും ഉൾപ്പെടുന്ന വാർഡ്. ഇതു കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഫിഷ് ലാൻഡിംഗ് സെന്ററുകളിലും ഹാർബറുകളിലും ദിവസേന ബേപ്പർ വാർഡിനു പുറത്തുനിന്ന് നിരവധി പേർ എത്താറുണ്ട് .ഇത് രോഗിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന വരുമായി ഇടപഴകാനും കാരണമാകുമെന്ന് കാണുന്നു. രോഗബാധ വരാനും സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും കച്ചവടക്കാരും ലേലത്തിൽ പങ്കെടുക്കുന്നവരും മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതും, കണ്ടെൻമെന്റ് സോൺ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടതുമാണ്.
മരണനിരക്ക് കൂടുതലുള്ള അതിവ ഗൗരവമുള്ള രോഗബാധയാണ് നിപ വൈറസ് എന്നിരിക്കെ ഈ നിയന്ത്രണങ്ങൾ വളരെ കർശനമായി പാലിക്കപ്പെടേണ്ടതുണ്ട് .അതുകൊണ്ടുതന്നെ ജനക്കൂട്ടം അടിയന്തരമായി നിയന്ത്രിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.