തൃശൂർ: കൊലക്കേസിൽ ജയിൽശിക്ഷയനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാമിന്റെ ഭൂമി വ്യാജരേഖ ചമച്ച് വിൽപന നടത്തിയതിന് സഹോദരങ്ങൾക്കെതിരെ കേസെടുത്തു.
സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ്, നടത്തിപ്പുകാരൻ ബി.പി. ബഷീർ എന്നിവർക്കെതിരെയാണ് ഗൂഢാലോചന, വ്യാജരേഖ ചമക്കൽ എന്നിവയടക്കം ചുമത്തി അന്തിക്കാട് പൊലീസ് കേസെടുത്തത്. തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.
കിങ് ബീഡി കമ്പനിയുടെ മാനേജിങ് പാർട്ണറാണ് മുഹമ്മദ് നിസാം. കമ്പനിയുടെ 40 ശതമാനം ഓഹരി നിസാമിന്റേതാണ്. കമ്പനിയുടെ ഉടമസ്ഥതയിൽ തമിഴ്നാട് തിരുനെൽവേലി മേലെപാളയത്തെ ഒരു കോടിയിലധികം വില വരുന്ന 40 സെന്റ് സ്ഥലമാണ് വ്യാജരേഖയുണ്ടാക്കി വിറ്റ് പണം തട്ടിയത്.
നിസാമിന്റെ ഉടമസ്ഥതയിലുള്ള പല ബിസിനസ് സ്ഥാപനങ്ങളിൽനിന്ന് സഹോദരങ്ങൾ അന്യായമായി പണം പറ്റുന്നതായും പരാതിയിലുണ്ട്. ഇതും അന്വേഷിക്കും.
ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിസാം ജയിൽശിക്ഷയനുഭവിക്കുന്നത്. 2015 ജനുവരി 29ന് പുലർച്ചെ ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായി ചന്ദ്രബോസിനെ ആക്രമിക്കുകയായിരുന്നു. 2015 ഫെബ്രുവരി 16ന് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.