അറസ്റ്റിലായ സജീവൻ,  കൊല്ലപ്പെട്ട ഭാര്യ രമ്യ

ചില്ലറക്കാരനല്ല സജീവ്; രമ്യയെ കൊന്ന് കുഴിച്ചിട്ട വീട്ടിൽ കഴിഞ്ഞത് ഒന്നരവർഷം, ഭാര്യ മറ്റൊരാളുടെ ഒപ്പം പോയെന്ന് പറഞ്ഞുപരത്തി

വൈപ്പിൻ: ഭാര്യയെ കൊന്ന് മുറ്റത്ത് കുഴിച്ചുമൂടിയ ശേഷം അതേവീട്ടിൽ കൂസലന്യേ ഒന്നര വർഷം താമസിക്കുക, ഭാര്യ ബംഗളൂരുവിൽ പഠനത്തിന് പോയെന്നും അവിടെ വെച്ച് മറ്റൊരാളുടെ ഒപ്പം ഒളിച്ചോടിയെന്നും പ്രചരിപ്പിക്കുക, കാണ്മാനില്ലെന്ന് കാട്ടി പരാതി നൽകുക.... തീർത്തും അവിശ്വസനീയമായ കാര്യങ്ങൾക്കാണ് ഇന്നലെ ഞാറക്കലിൽ തുമ്പുണ്ടായത്.

ഭാര്യ രമ്യ(36)യെ കാണാനില്ലെന്ന് ഒരു വർഷം മുമ്പ് പരാതി നൽകിയ എറണാകുളം എടവനക്കാട് വാച്ചാക്കൽ പഞ്ചായത്തിന് പടിഞ്ഞാറ് വാടകക്ക് താമസിക്കുന്ന അറക്കപ്പറമ്പിൽ സജീവാണ് (44) താൻ തന്നെ കൊന്ന് കുഴിച്ച് മൂടിയതാണെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പൊലീസിനുമുന്നിൽ നടത്തിയത്. കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നശേഷം താമസിച്ചിരുന്ന വീടിന്‍റെ സിറ്റൗട്ടിന് സമീപം കുഴിച്ചുമൂടുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി.

അറസ്റ്റിലായ സജീവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വ്യാഴാഴ്ച വൈകീട്ടോടെ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി യുവതിയുടേതെന്ന് കരുതുന്ന അസ്ഥികൂടഭാഗങ്ങൾ കണ്ടെത്തി. പോസ്റ്റ്മോർട്ടവും നടത്തി.

വാച്ചാക്കലിൽ വർഷങ്ങളായി വാടകക്ക് താമസിച്ച് വരുകയായിരുന്നു വൈപ്പിൻ സ്വദേശികളായ രമ്യയും സജീവനും. 2021 ആഗസ്റ്റിലാണ് രമ്യയെ കാണാതാകുന്നത്. ഭാര്യ ബംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയിരിക്കുകയാണെന്നും അവിടെനിന്ന് വിദേശത്തേക്ക്‌ പോകുമെന്നുമാണ് ഇതേപ്പറ്റി സജീവൻ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ, രമ്യയെപ്പറ്റി ഒരു വിവരവും ലഭിക്കാതായതോടെ ബന്ധുക്കളും അന്വേഷിക്കാൻ തുടങ്ങി.

ഇതിനിടെ, സജീവൻ ഫെബ്രുവരിയിൽ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഞാറക്കൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെ, രമ്യയെപ്പറ്റി സജീവൻ പലരോടും പലരീതിയിൽ പറഞ്ഞത് സംശയത്തിനിടയാക്കി. പൊലീസും മൊഴിയിലെ വൈരുധ്യം ശ്രദ്ധിച്ചു. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.

തെളിവുകൾ സമാഹരിച്ച ശേഷം വ്യാഴാഴ്ച രാവിലെ സജീവനെ സ്റ്റേഷനിൽ വിളിപ്പിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. രമ്യയുടെ മൊബൈൽ ഫോൺ വിളികളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്.

പകൽസമയത്ത് വാക്തർക്കത്തെ തുടർന്ന് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി മൃതദേഹം കുഴിച്ചുമൂടി. ആ വീട്ടിൽത്തന്നെ ഒന്നരവർഷമായി താമസിക്കുകയും ചെയ്തു. ഭാര്യ മറ്റൊരാളുടെ ഒപ്പം പോയി എന്ന് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയാറെടുപ്പിലുമായിരുന്നു. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. സംഭവ സമയത്ത് അവർ വീട്ടിലുണ്ടായിരുന്നില്ല.

പെയിന്‍റിങ് തൊഴിലാളിയായ സജീവ് നാട്ടിലെ സൗഹൃദക്കൂട്ടായ്മകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്നു. അതേസമയം, എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന രമ്യയാകട്ടെ അയൽവാസികളുമായിപോലും കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ലെന്നും പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ്.

എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ അഡീഷനൽ പൊലീസ് സൂപ്രണ്ട് ടി.ബിജി ജോർജ്, മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളി, ഞാറക്കൽ ഇൻസ്പെക്ടർ രാജൻ കെ. അരമന, മുനമ്പം ഇൻസ്പെക്ടർ എ.എൽ. യേശുദാസ്, സബ് ഇൻസ്പെക്ടർമാരായ മാഹീൻ സലിം, വന്ദന കൃഷ്ണൻ, വി.എം. ഡോളി, എ.എസ്.ഐമാരായ ദേവരാജ്, ഷാഹിർ, സി.പി.ഒമാരായ ഗിരിജാവല്ലഭൻ, സ്വരാഭ്, സിമിൽ, പ്രീജൻ, ലിബിഷ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Tags:    
News Summary - Njarakkal Ramya murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.