കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ ആർ.എസ്.പി നേതാവും നിലവിലെ എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അറിയിച്ചു. മോദി സർക്കാറിനെ ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നേരിടുമ്പോൾ എൻ.കെ. പ്രേമചന്ദ്രന് തന്‍റെ ഉത്തരവാദിത്തം വീണ്ടും നിറവേറ്റാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ധാർമികതയുടെ ഒരു കണിക പോലുമില്ലാത്ത ഭരണസംവിധാനമാണുള്ളതെന്ന് ഷിബു ബേബി ജോൺ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ പുറത്തുവരുന്നത് ആരോപണങ്ങളല്ല, രേഖകളാണ്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ജനാധിപത്യത്തോട് തെല്ലെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കിൽ എപ്പോഴേ രാജിവെച്ച് പോകുമായിരുന്നു. ഇതെല്ലാം കണക്കിലെടുത്തുള്ള ജനവിധിയാകും 2024ലേത്.
യു.ഡി.എഫ് ഇത്തവണ 20ൽ 20ഉം ജയിക്കാനുള്ള സാഹചര്യമാണ് കേരളത്തിലുള്ളത്. ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനാണ് എൻ.കെ. പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുന്നതെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയായി സിറ്റിങ് എം.എൽ.എയും നടനുമായ എം. മുകേഷിന്റെ പേര് നിർദേശിക്കാനാണ് സി.പി.എം തീരുമാനം. 2019ൽ സി.പി.എമ്മിലെ കെ.എൻ. ബാലഗോപാലിനെ 1,48,846 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എൻ.കെ. പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. 2014ൽ എം.എ. ബേബിയെയാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.