അ​ങ്ക​മാ​ലി പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ൻ റി​ൻ​സ് ജോ​സ് പ​ശു​ക്കി​ടാ​വു​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്നു

പരാതിയിൽ നടപടിയില്ല; പൊലീസ് സ്റ്റേഷന് മുന്നിൽ പശുവുമായി പ്രതിഷേധം

അങ്കമാലി: തോട്ടിൽ മാലിന്യം തള്ളുന്ന കമ്പനിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ പശുവുമായി ക്ഷീരകർഷകന്‍റെ പ്രതിഷേധം. അങ്കമാലി നഗരസഭ ചെമ്പന്നൂർ സൗത്ത് വാർഡിലെ റിൻസ് ജോസാണ് പശുവിനെയുംകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത്. മാതൃക കർഷകനുള്ള അവാർഡ് നേടിയയാളാണ് റിൻസ്.

ചെമ്പന്നൂർ വ്യവസായ മേഖലയിലാണ് താമസം. വീടിനു സമീപത്തെ കമ്പനിയിൽനിന്ന് മാലിന്യം ഒഴുക്കുന്നു എന്നാരോപിച്ച് ഏറെ നാളായി കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ്, നഗരസഭ എന്നിവർക്ക് പരാതി നൽകുന്നുണ്ട്. അതിനിടെ പാടത്ത് കെട്ടിയ റിൻസിന്‍റെ പോത്തുകിടാവ് കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ചത്തു. തോട്ടിലെ രാസമാലിന്യം കലർന്ന വെള്ളം കുടിച്ചാണ് ചത്തതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. അതോടെ റിൻസ് എട്ടോളം പോത്തുകിടാക്കളെ കമ്പനിയുടെ അധീനതയിലെ പാടത്ത് വളർത്തൽ ആരംഭിച്ചു. മാസങ്ങൾ പിന്നിട്ടതോടെ സമീപവാസികൾക്ക് മൃഗങ്ങളുടെ ചാണകവും മൂത്രവും ദുരിതമായി മാറി. ഇത് സംബന്ധിച്ച് സമീപവാസികൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണത്തിന് സ്ഥലത്തെത്തി.

ഈ സമയം സ്ത്രീകൾ അടക്കമുള്ളവർ പരാതി പറയുന്ന ദൃശ്യം റിൻസ് മൊബൈൽ ഫോണിൽ പകർത്തിയതിനെ തുടർന്ന് പൊലീസ് ഫോൺ ബലമായി പിടിച്ചുവാങ്ങി. എന്നാൽ, പൊലീസ് സന്ദർശിച്ചതിന്‍റെ തെളിവ് ശേഖരിക്കാനാണ് വിഡിയോ എടുത്തതെന്നും ഏറെ നാളായി കമ്പനിക്കെതിരെ പരാതി നൽകുന്നുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്നുമാണ് റിൻസിന്‍റെ ആരോപണം.

തനിക്കെതിരെ പരാതി ഉന്നയിച്ചാൽ പൊലീസ് അതിവേഗം നടപടിയെടുക്കുന്നുണ്ടെന്നും അതാണ് പ്രതിഷേധത്തിന് തുനിഞ്ഞതെന്നും റിൻസ് പറയുന്നു. എന്നാൽ, പ്രശ്നത്തിൽ പലതവണ ഇടപെട്ട് പരിഹാരമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോഴും കമ്പനി അധികൃതരെ വിളിച്ചുവരുത്തുകയും പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയതായും പൊലീസ് പറയുന്നു.എന്നാൽ, മാലിന്യമൊഴുക്കുന്ന കമ്പനിക്കെതിരെ നടപടിയെടുക്കുന്നതുവരെയും പോത്തിൻകുട്ടി ചത്തതിന് നഷ്ടപരിഹാരം കിട്ടുന്നതുവരെയും പ്രതിഷേധവും നിയമനടപടിയും തുടരുമെന്ന് റിൻസ് പറഞ്ഞു.

Tags:    
News Summary - No action on complaint; Protest with a cow in front of the police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.