തിരുവനന്തപുരം: പാലാ ബിഷപ്പിെൻറ പ്രസ്താവനയുടെ സാഹചര്യത്തിൽ ഇപ്പോൾ സർവകക്ഷിയോഗം വിളിച്ചാൽ പ്രത്യേക ഗുണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ പരാമര്‍ശം നടത്തിയവര്‍ തെറ്റുമനസ്സിലാക്കി തിരുത്തണം. ഐക്യം തകര്‍ക്കുന്ന പ്രചാരണങ്ങളും ഇടപെടലുകളും അവസാനിക്കണം. ഒരേ അഭിപ്രായമുള്ളവരുടെ യോഗം വിളിക്കേണ്ട ആവശ്യമില്ല. മത, സാമുദായിക നേതാക്കളെ കാണുന്നത് ആലോചിക്കാമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സർക്കാർ സർവകക്ഷിയോഗം വിളിക്കേണ്ട സ്വാഭാവിക ഘട്ടമുണ്ട്. ഇവിടെ അത്തരം സാഹചര്യമില്ല. സർവകക്ഷി യോഗത്തിലുള്ള ഏതെങ്കിലും കക്ഷിയുടെ ഭാഗത്തുനിന്നല്ല, പുറത്തുനിന്നാണ് തെറ്റായ പരാമർശം വന്നത്. സർവകക്ഷി യോഗത്തിലൂടെ അതിന് പരിഹാരം കാണാനാവില്ല. പാലാ ബിഷപ് പ്രസ്താവന പിൻവലിക്കണോ എന്നത് അധികാര കേന്ദ്രത്തിൽനിന്ന് ആവശ്യപ്പെടേണ്ട വിഷയമല്ല. ഏതെങ്കിലും ഘട്ടത്തിൽ എടുത്ത നിലപാടിനോട് സമൂഹം യോജിക്കുന്നില്ലെന്ന് കണ്ടാൽ തിരുത്തേണ്ടത് ആ വ്യക്തികളാണ്.
വിദ്വേഷത്തിെൻറ വിത്തിടുന്നതാണ് അത്തരം പ്രസ്താവനകൾ. ഇൗ വിഷയത്തിൽ സമൂഹത്തിൽ ധ്രുവീകരണം ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന നിലപാടാണ് എല്ലാ മതവിഭാഗങ്ങളിൽനിന്നും ഉണ്ടായത്. കലക്കവെള്ളത്തിൽനിന്നോ വെള്ളം കലക്കിയോ മീൻ പിടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. പ്രതിപക്ഷനേതാവ് പറഞ്ഞതുപോലെ സർക്കാർ നിർദാക്ഷിണ്യം നിലപാട് സ്വീകരിക്കും. ആദ്യം ഓരോരുത്തരും അവരുടേതായ നിലപാട് സ്വീകരിക്കണം. അതിനുള്ള പൊതു അഭ്യർഥന നടത്തണം.
പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത്. അത്തരം ശക്തികളെയും നേതാക്കളെയും തിരിച്ചറിയാൻ കഴിയുന്ന സമൂഹമാണ് കേരളത്തിലേത്. അതിെൻറ ഭാഗമായി കൂടുതൽ പ്രകോപനപരമായ നിലയിലേക്ക് നാടിനെ എത്തിക്കാൻ ആരും ശ്രമിക്കരുത്. മതനിരപേക്ഷത ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. ഇനിയും അതുതന്നെ ചെയ്യും. തെറ്റായ പ്രവണത നിയമപരമായി നേരിടും.
പാലാ ബിഷപ്പിനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ. വാസവൻ വിശദീകരണം നൽകിയിരുന്നു. നാർകോട്ടിക് വിഷയത്തിൽ ബിഷപ്പിന് പിന്തുണ നൽകാനല്ല മന്ത്രി പോയത്. ആ നിലപാടിനെ പിന്താങ്ങുന്ന സമീപനമല്ല സർക്കാറിനുള്ളതെന്ന് മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.