തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണമില്ല -ഹൈകോടതി

കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ വിവാദ കത്ത് സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. കോർപറേഷനിലെ ഒഴിവുകൾ നികത്താൻ പാർട്ടി അംഗങ്ങളുടെ പേര് നൽകാൻ നിർദേശിച്ച് സി.പി.എം ജില്ല സെക്രട്ടറിക്ക് മേയറുടെ ലെറ്റർപാഡിൽ കത്തയച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ നൽകിയ ഹരജിയാണ് ജസ്റ്റിസ് കെ. ബാബു തള്ളിയത്. സി.ബി.ഐയെ ഏൽപിക്കുന്നില്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവും കോടതി തള്ളി.

വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം നിഷ്പക്ഷ അന്വേഷണം നടക്കാനിടയില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഒക്​ടോബർ 31ന്​ ഡൽഹിയിലേക്ക്​ പോയ താൻ നവംബർ നാലിന്​ തിരികെയെത്തിയ ശേഷമാണ്​ കത്ത്​ സംഭവം അറിയുന്നത്​ എന്നായിരുന്നു മേയർ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ ദുരുദ്ദേശ്യപരമായി കത്ത്​ വ്യാജമായി നിർമിച്ചതാണ്​. ആരോപണങ്ങൾ അപകീർത്തികരമാണെന്നും അവർ പറഞ്ഞു​.

ഇതുമായി ബന്ധപ്പെട്ട്​ ​മേയറുടെ പരാതിയിൽ ക്രൈംബ്രാഞ്ച്​ അന്വേഷണം ആരംഭിച്ചതായി സർക്കാർ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ മതിയായ സാഹചര്യമില്ല. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ ഹരജിക്കാരനാവില്ലെന്നും വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്‍റെ ദേശീയ അർബൻ ​ലൈവ്​ഹുഡ്​സ്​ മിഷൻ പദ്ധതിക്ക്​ കീഴിലാണ്​ ഒഴിവുണ്ടായതെന്നും കോർപറേഷനിലല്ലെന്നും അതിനാൽ തനിക്ക്​ നിയമനവുമായി ഒരു ബന്ധവുമില്ലെന്നും ആരോപണവിധേയനായ കൗൺസിലർ ഡി.ആർ. അനിൽ ബോധിപ്പിച്ചു.

നവംബർ അഞ്ചിന്​ വിജിലൻസ്​ ഡയറക്ടർക്ക്​ പരാതി നൽകിയ ഹരജിക്കാരൻ മൂന്ന്​ ദിവസം കഴിഞ്ഞപ്പോഴേക്കും ഹരജിയുമായി സമീപിച്ചത്​ ​ഹൈകോടതി എടുത്തു പറഞ്ഞു. നടപടിക്രമങ്ങൾക്ക്​ കാത്തുനിൽക്കാ​തെയും ബദൽ പരിഹാര നടപടികൾ സ്വീകരിക്കാതെയുമാണ്​ നേരിട്ട്​ കോടതിയെ സമീപിച്ചത്​. അന്വേഷണ ഏജൻസിയെ മാറ്റാൻ ന്യായമായ എന്തെങ്കിലും വസ്തുതകൾ ബോധ്യപ്പെടുത്താനായില്ല. നിയമനിർമാണ സഭകൾ പ്രമേയം പാസാക്കിയാൽ മാത്രമേ അന്വേഷണം കമീഷൻ ഓഫ്​ എൻക്വയറിക്ക്​ വിടാൻ സർക്കാറിന്​ ബാധ്യതയുള്ളൂ.

ഇത്തരമൊരു പ്രമേയം നിയമനിർമാണ സഭകൾ ഉന്നയിക്കാത്ത സാഹചര്യത്തിൽ പൊതുതാൽപര്യം മുൻനിർത്തി അത്തരമൊരു ഉത്തരവ്​ പുറപ്പെടുവിക്കുകയെന്നത്​ സർക്കാറിന്‍റെ വിവേചനാധികാരമാണ്​. ചട്ടപ്രകാരം പൊതുപ്രാധാന്യമുള്ള വിഷയമായാലും കമീഷൻ ഓഫ്​ എൻക്വയറിയെ നിയമിക്കാൻ സർക്കാറിന്​ നിയമപരമായ ഒരു ബാധ്യതയുമില്ല. ഇതിന്​ സമ്മർദം ചെലുത്താൻ ഹരജിക്കാരനും അവകാശമില്ലെന്നും വിലയിരുത്തിയ കോടതി, ഹരജി തള്ളുകയായിരുന്നു​.

Tags:    
News Summary - No CBI investigation in Thiruvananthapuram Corporation letter controversy - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.