കൊച്ചി: പത്തനംതിട്ടയില്‍നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മറിയ ജയിംസിനെ കണ്ടെത്താൻ പൊലീസ് നടത്തുന്ന അന്വേഷണം ഇൗ ഘട്ടത്തിൽ തടസ്സപ്പെടുത്താനാവില്ലെന്ന് ഹൈകോടതി. സമഗ്ര അന്വേഷണം തുടരുകയാണെന്നാണ് മനസ്സിലാവുന്നത്. അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് വിടുന്ന കാര്യം ഇൗ ഘട്ടത്തിൽ ആലോചിക്കേണ്ടതില്ലെന്ന് വാക്കാൽ നിരീക്ഷിച്ച കോടതി കേസ് ഇൗ മാസം 17ലേക്ക് മാറ്റി. ജസ്‌നയെ കാണാതായ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജയ്സ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ പരാമർശം.
അതേസമയം, ജസ്‌നയെ കണ്ടെത്താനുതകുന്ന ഒരുസൂചനയും ലഭിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൊലീസ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ചില നിര്‍ണായകസൂചനകള്‍ ലഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സൂചനകള്‍ സസൂക്ഷ്മം പരിശോധിച്ചശേഷം തുടര്‍നടപടികള്‍ അറിയിക്കാമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണം സംബന്ധിച്ച വിശദ വിവരണങ്ങളല്ലാതെ പ്രതീക്ഷ നൽകുന്ന പുതിയ വിവരമില്ല. അതേസമയം, ജസ്‌നയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈബിളിൽനിന്ന് ഒരുസിം കാർഡ് കിട്ടിയതായി സർക്കാർ അറിയിച്ചു.
കഴിഞ്ഞദിവസം രാജാക്കാട് ഒരുയുവാവിനൊപ്പം ജസ്‌നയെ കണ്ടെന്ന വിധത്തിൽ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 23ന് ജസ്‌നയെ കാണാനില്ലെന്ന പിതാവിെൻറ പരാതി ലഭിച്ചശേഷം വിശദ അന്വേഷണം നടത്തിയതായി പൊലീസ് വ്യക്തമാക്കി. ഇതുവരെ 350 പേരെ ചോദ്യം ചെയ്തു. 170 പേരുടെ മൊഴികൾ രേഖപ്പെടുത്തി. രണ്ട് ലക്ഷത്തോളം േഫാൺ കാളുകൾ പരിശോധിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാധ്യമായ അന്വേഷണം നടത്തുകയാണ്.
ജസ്‌നയുടെ ബന്ധുക്കളെയും അധ്യാപകരെയും സുഹൃത്തുക്കളെയും അയല്‍വാസികളെയും ചോദ്യം ചെയ്തു. ജസ്‌ന മറ്റേതെങ്കിലും മൊബൈൽ േഫാൺ ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന നടത്തുന്നുണ്ട്. യുവതി ഉൾപ്പെട്ട കേസായതിനാൽ പഴുതില്ലാത്ത ചിട്ടയോടെയുള്ള അന്വേഷണമാണ് നടത്തുന്നതെന്നും സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.