കോഴിക്കോട്: തന്‍റെ പരിപാടികൾക്ക് പാർട്ടിയിൽ നിന്ന് വിലക്കില്ലെന്ന് ശശി തരൂർ എം.പി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ തനിക്ക് ശത്രുക്കളില്ല. തനിക്ക് ആരേയും ഭയമില്ല. ആർക്കെങ്കിലും തന്നെ ഭയക്കേണ്ട ആവശ്യവുമില്ല. ഒരു ഗ്രൂപ്പിന് എന്തെങ്കിലും അസൗകര്യം വന്നെങ്കിൽ അതിനെ മാനിക്കുന്നുവെന്നും എന്തിനാണ് ഇതെല്ലാം വലിയ കാര്യമാക്കുന്നത് എന്നും തരൂർ പറഞ്ഞു.
പാർട്ടിയിലെ അപ്രഖ്യാപിത വിലക്കിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഒരു എം.പിയെ സ്വന്തം പാർട്ടി വിലക്കുമോയെന്നും അതിൽ എന്ത് അർത്ഥമാണുള്ളതെന്നുമായിരുന്നു മറുപടി. എപ്പോൾ കോഴിക്കോട്ട് എത്തിയാലും ഡി.സി.സി അധ്യക്ഷൻ ഒരു പൊതുപരിപാടിക്ക് ക്ഷണിക്കുന്നത് പതിവാണ്. 'കോഴിക്കോട്ടെ പരിപാടി അതുപോലൊരു ക്ഷണമാണെന്നായിരുന്നു കരുതിയത്. പക്ഷെ ചില അസൗകര്യങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായി. എന്നാൽ അതിൽ എനിക്ക് പ്രശ്നമില്ല'- തരൂർ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കാനിരുന്ന സെമിനാറാണ് 'അജ്ഞാത' കാരണത്താൽ മാറ്റിയത്. സംസ്ഥാന നേതാക്കളിൽ ചിലരുടെ സമ്മർദമാണിതിന് പിന്നിലെന്ന പ്രചാരണത്തെ കുറിച്ച് നേതാക്കളും മൗനം പാലിക്കുകയാണ്. കെ.പി. കേശവമേനോൻ ഹാളിൽ 'സംഘ് പരിവാർ മതേതരത്വത്തിന് ഉയർത്തുന്ന ഭീഷണി' എന്ന വിഷയത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചത്. എം.കെ. രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും പരിപാടിയിൽ ഉണ്ടായിരുന്നു.
പരിപാടി മാറ്റാൻ തരൂരിനോട് താൽപര്യമില്ലാത്ത സംസ്ഥാനത്തെ ചില നേതാക്കളുടെ സമ്മർദമുണ്ടെന്ന ചർച്ച ഇന്നലെ രാവിലെ മുതൽ അണിയറയിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് വന്നു. ജില്ല പ്രസിഡന്റിന് സുഖമില്ലാത്തതിനാൽ പരിപാടി മാറ്റി എന്നാണ് യൂത്ത് കോൺഗ്രസ് വൃത്തങ്ങളുടെ വിശദീകരണം.
അതേസമയം, തരൂരിനെതിരായ വിങ്ങിന്റെ ഇടപെടലാണ് പിന്നിലെന്നാണ് ഒരു വിഭാഗം അടക്കം പറയുന്നത്. എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരിനനൂകൂലമായ ശക്തമായ ഗ്രൂപ് കോഴിക്കോട്ട് രൂപപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ തരൂരിനെ വെട്ടുന്നതിന്റെ ഭാഗമാണ് സെമിനാർ ഉപക്ഷേിക്കൽ.
നിരവധി പരിപാടികളാണ് ഞായറാഴ്ച തരൂരിന് കോഴിക്കോട്ട് പങ്കെടുക്കാനുള്ളത്. പാർട്ടിപരിപാടി ഇതു മാത്രമായിരുന്നു. കെ.പി. ഉണ്ണികൃഷ്ണൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയവരെ തരൂർ സന്ദർശിക്കുന്നണ്ട്. ഡി.സി.സിയുടെ താൽകാലിക ഓഫിസ് ഉദ്ഘാടനം ഉൾപ്പെടെ ഞായറാഴ്ച കോഴിക്കോട്ട് നടക്കുന്നുണ്ട്. തരൂർ വിരുദ്ധത തുറന്നു പറയുന്ന കെ. മുരളീധരൻ രാവിലെ ഡി.സി.സിയിൽ പത്രസമ്മേളനവും വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.