കൊച്ചി: കോവിഡ് സാഹചര്യം രൂക്ഷമായ സി കാറ്റഗറി മേഖലയിൽ സിനിമ തിയറ്ററുകളുടെ പ്രവർത്തനം അനുവദിക്കാനാവില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. രണ്ടുമണിക്കൂറിലേറെ എ.സി സംവിധാനത്തിൽ ഒരേയിടത്ത് അടച്ചിട്ടനിലയിൽ ഒരുമിച്ചിരിക്കുന്നത് കോവിഡ് വ്യാപന സാധ്യത വർധിപ്പിക്കും. ഷോപ്പിങ് മാളുകളിൽനിന്ന് വ്യത്യസ്തമാണ് തിയറ്ററുകൾ. എന്നിട്ടും നിയന്ത്രണങ്ങളോടെയാണ് മാളുകളിൽ പ്രവേശനം അനുവദിച്ചതെന്നും സർക്കാർ അറിയിച്ചു.
സി കാറ്റഗറി ജില്ലകളിൽ തിയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം. ഹരജി ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് മാറ്റി. ഷോപ്പിങ് മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളുമൊക്കെ തുറക്കാൻ അനുവദിക്കുമ്പോൾ തിയറ്ററുകൾ, ജിമ്മുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവക്കുമാത്രം വിലക്ക് ഏർപ്പെടുത്തുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ആരോഗ്യമേഖലയിലെ വിദഗ്ധരുൾപ്പെട്ട സമിതിയുടെ ശിപാർശയെത്തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സർക്കാർ വാദം.
സ്വിമ്മിങ് പൂളുകളിൽ പലയാളുകൾ നീന്താൻ ഇറങ്ങുന്നതും ജിമ്മുകളിൽ ഒരേ ഉപകരണങ്ങൾ പലർ ഉപയോഗിക്കുന്നതും രോഗവ്യാപനം കൂട്ടാനിടയുണ്ട്. മാളുകളിലെ നിയന്ത്രണങ്ങൾ നിരീക്ഷിക്കാൻ സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയോഗിച്ചിട്ടുണ്ട്. കേരളത്തിലെ സ്ഥിതി മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായതിനാൽ കോവിഡ് വ്യാപനനിരക്ക് കൂടിയ മറ്റ് സംസ്ഥാനങ്ങളിൽ തിയറ്ററുകൾക്ക് വിലക്കില്ലെന്ന വാദം നിലനിൽക്കില്ലെന്ന് സർക്കാർ വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.