കോട്ടയം: കെ.എസ്.ആർ.ടി.സി ബസുകൾ അപകടത്തിൽപെടുന്നത് പതിവാകുമ്പോഴും ഭൂരിപക്ഷം ബസുകൾക്കും ഫിറ്റ്നസും ഇൻഷുറൻസ് പരിരക്ഷയുമില്ല. യാത്രക്കാരുടെ ജീവൻ തുലാസിലാക്കി കാലാവധി കഴിഞ്ഞ ബസുകൾ ഉപയോഗിച്ച് നിർബാധം സർവിസ് നടത്തുകയാണ് കെ.എസ്.ആർ.ടി.സി ചെയ്യുന്നത്.
444 സ്വിഫ്റ്റ് ഉൾപ്പെടെ 5523 ബസാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ഇതിൽ 1194 ബസ് 15 വർഷത്തിലേറെ പഴക്കമുള്ളതാണ്. കേന്ദ്ര നിയമപ്രകാരം കണ്ടം ചെയ്യേണ്ടവയാണ് ഇവ. എന്നാൽ, ഇതിൽ 1084 ബസ് ഇപ്പോഴും സർവിസ് തുടരുകയാണെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് കെ.എസ്.ആർ.ടി.സി നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നത്.
അതേസമയം, 444 സ്വിഫ്റ്റിനും 1902 മറ്റ് ബസുകൾക്കും ഉൾപ്പെടെ 2346 ബസിനും മാത്രമാണ് ഇൻഷുറൻസുള്ളത്. അതും തേർഡ് പാർട്ടി. ആകെ ബസുകളിൽ പകുതിക്ക് മാത്രമേ ഇൻഷുറൻസുള്ളൂ എന്നതാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഇൻഷുറൻസ് ഇല്ലാത്ത ബസുകളുടെ എണ്ണത്തിന് കോർപറേഷൻ വ്യക്തമായ മറുപടി നൽകിയിട്ടുമില്ല.
ഇൻഷുറൻസ് ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി ബസുകളുണ്ടാക്കുന്ന അപകടങ്ങൾക്കും കേടുപാടുകൾക്കും നഷ്ടപരിഹാരം നൽകുന്നത് കെ.എസ്.ആർ.ടി.സിയാണ്. ജീവനക്കാർക്ക് ശമ്പളവും പെൻഷനുമുൾപ്പെടെ നൽകാൻ കഴിയാതെ നഷ്ടത്തിലോടുന്ന കോർപറേഷനെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് ഇത്. ഈ സാമ്പത്തിക വർഷം എത്ര തുക നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നതിനും കൃത്യമായ കണക്ക് കെ.എസ്.ആർ.ടി.സി നൽകിയിട്ടില്ല.
ആകെ കെ.എസ്.ആർ.ടി.സി ബസുകൾ- 5523
15 വർഷത്തിലധികം പഴക്കമുള്ള ബസുകൾ- 1194
സർവിസ് നടത്തുന്ന 15 വർഷം
കഴിഞ്ഞ ബസുകൾ- 1084
ഇൻഷുറൻസ് പരിരക്ഷയുള്ള ബസുകൾ- 1902,
സ്വിഫ്റ്റ്- 444
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.