കോഴിക്കോട്: ഉച്ചഭക്ഷണത്തിന് ഫണ്ടില്ലാതെ നെട്ടോട്ടമോടുന്ന പ്രധാനാധ്യാപകർ അനിശ്ചിതകാല സമരത്തിലേക്ക്. തിരുവോണനാളിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നിരാഹാര സമരത്തിന് ഒരുങ്ങിയ പ്രധാനാധ്യാപകരെ വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് വിളിക്കുകയും ഫണ്ട് വർധിപ്പിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അടുത്ത മാസം മുതൽ അധ്യാപകർ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നത്.
സ്‌കൂൾ മേളകൾ ഉൾപ്പെടെ സർക്കാർ പരിപാടികളെല്ലാം ബഹിഷ്‌കരിക്കാനാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍റെ തീരുമാനം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കത്ത് നൽകിയതായി സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ പറഞ്ഞു.
പാലിന്‍റെയും മുട്ടയുടെയും പലവ്യഞ്ജനങ്ങളുടെയും പാചകവാതകത്തിന്‍റെയും വില കുതിച്ചുയർന്നെങ്കിലും 2016ൽ നിജപ്പെടുത്തിയ അതേ തുകയാണ് ഉച്ചഭക്ഷണത്തിന് സർക്കാർ ഇപ്പോഴും അനുവദിച്ചിട്ടുള്ളത്. 150 കുട്ടികളുള്ള സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ഒരു കുട്ടിക്ക് എട്ട് രൂപയാണ് അനുവദിക്കുന്നത്.
500 കുട്ടികൾ ഉള്ളിടത്ത് ഏഴുരൂപയും ഇതിനു മുകളിൽ വിദ്യാർഥികളുണ്ടെങ്കിൽ ആറുരൂപയുമാണ് അനുവദിക്കുന്നത്. ഈ തുക കൊണ്ട് സർക്കാർ പറയുന്നതുപോലെ പാലും മുട്ടയും പച്ചക്കറിയുമൊക്കെ എങ്ങനെ നൽകുമെന്നാണ് അധ്യാപകരുടെ ചോദ്യം.
സർക്കാർ സാമ്പത്തിക പരാധീനതയിലാണെന്നും പൊതുഫണ്ട് രൂപവത്കരിച്ച് ഉച്ചഭക്ഷണത്തിനുള്ള ബാക്കി തുക കണ്ടെത്തണമെന്നുമാണ് പ്രധാനാധ്യാപകരോട് അനൗദ്യോഗികമായി ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ പണം പിരിക്കാൻ തുടങ്ങിയാൽ അത് പിന്നീട് വലിയ അഴിമതിക്കുള്ള വഴിയായി മാറുമെന്നും അതിന്‍റെ കൂടി ഉത്തരവാദിത്തം തങ്ങളുടെ തലയിലാകുമെന്നുമാണ് അധ്യാപകരുടെ ഭീതി.
1995ലാണ് കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ 12,200ൽപരം സ്കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാണ്. പ്രധാനാധ്യാപകരും പാചകത്തൊഴിലാളിയും വിദ്യാർഥി പ്രതിനിധിയും ചുമതലക്കാരായ അധ്യാപകരും ഉൾപ്പെടുന്ന ഉച്ചഭക്ഷണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നതെങ്കിലും സാമ്പത്തിക ബാധ്യത ചുമക്കേണ്ടത് ഹെഡ്മാസ്റ്റർമാർ തന്നെയാണ്.
സർക്കാർ മാനദണ്ഡപ്രകാരം ഭക്ഷണം നൽകി ലക്ഷങ്ങൾ കടക്കാരായ പ്രധാനാധ്യാപകരുണ്ട്. ഉച്ചഭക്ഷണ ഫണ്ടിന്‍റെ കണക്ക് വകുപ്പിന് ബോധ്യപ്പെടാത്തതിനാൽ റിട്ടയർ ചെയ്തിട്ടും പെൻഷൻ വാങ്ങാൻ കഴിയാത്ത അധ്യാപകരുമുണ്ട്. ഉച്ചഭക്ഷണ പദ്ധതിക്കായി 60 ശതമാനം തുക കേന്ദ്രസർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് ചെലവഴിക്കുന്നത്.
ഇതിനുപുറമെ സംസ്ഥാന സർക്കാറിന്‍റെ സമഗ്ര പോഷകാഹാര പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുതവണ 300 മില്ലീ ലിറ്റർ പാലും ഒരു കോഴിമുട്ടയും നൽകാൻ തീരുമാനമായി. എന്നാൽ, ഇതിനുവേണ്ടി സംസ്ഥാന സർക്കാർ പ്രത്യേക തുക വകയിരുത്തിയതുമില്ല.
പാചകവാതകത്തിന്‍റെയും ഭക്ഷണസാധനങ്ങളുടെയും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന അധ്യാപകർ കൈയിൽനിന്ന് തുകയെടുത്ത് മുട്ടയും പാലും കൂടി നൽകേണ്ട അവസ്ഥയാണിപ്പോൾ. പിഞ്ചുകുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം നിർത്തിവെച്ചുള്ള സമരത്തിന് അധ്യാപകരും തയാറല്ല.
പദ്ധതി നടത്തിപ്പ് ചുമതല സാമൂഹികക്ഷേമ വകുപ്പിനെയോ മറ്റോ ഏൽപിക്കുകയോ അതല്ലെങ്കിൽ തുക കൂട്ടി നൽകുകയോ ചെയ്യണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം.
പലതവണ വിഷയം സർക്കാറിനുമുന്നിൽ അവതരിപ്പിച്ചെങ്കിലും തീരുമാനമായില്ല. തിരുവോണ നാളിൽ സെക്രട്ടേറിയറ്റിനുമുന്നിൽ പട്ടിണി സമരം പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസമന്ത്രി ചർച്ചക്ക് വിളിച്ചിരുന്നു. ഓണത്തിന് സമരം ചെയ്യരുതെന്നും ഓണാവധി കഴിഞ്ഞശേഷം ഫണ്ട് വർധിപ്പിക്കാമെന്നും ഉറപ്പുനൽകിയെങ്കിലും നാളിതുവരെയായിട്ടും തീരുമാനമൊന്നുമായില്ല.
ഇനി സ്‌കൂൾ മേളകളുടെ കാലമാണ്. അതിനും ഓടി നടക്കേണ്ടത് പ്രധാനാധ്യാപകർ തന്നെ. വിഷയത്തിൽ തീരുമാനമാകുന്നില്ലെങ്കിൽ സർക്കാർ പരിപാടികളെല്ലാം ബഹിഷ്‌കരിക്കാനാണ് എയ്ഡഡ് മേഖലയിലെ ഹെഡ്മാസ്റ്റർമാരുടെ സംഘടനയായ കെ.പി.പി.എച്ച്.എയുടെ തീരുമാനം.
കോവിഡ് മഹാമാരി കഴിഞ്ഞ് വരുന്ന മേളയായതിനാൽ കുട്ടികളുടെ അവസരം നഷ്ടപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ, സംഘാടനപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ കെ.പി.പി.എച്ച്.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.