തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ അപകടത്തിൽ പരിക്കേറ്റ പൊലീസുകാരന് ഗ്രാന്റില്ല, സംഘടനാ നേതാവിന്റെ മാതാവിന്റെ ചികിത്സക്ക് പണം അനുവദിച്ചു. ഇക്കാര്യത്തിൽ പൊലീസ് സേനക്കുള്ളിൽ കടുത്ത അതൃപ്തി. കേരള പൊലീസ് വെൽഫെയർ ഫണ്ടിൽ നിന്ന് സിറ്റി പൊലീസ് പണം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദമുണ്ടായത്.
പൊലീസുകാരിൽ നിന്ന് നിശ്ചിത തുക മാസം തോറും പിരിച്ചാണ് ഈ ഫണ്ടിനുള്ള പണം സമാഹരിക്കുന്നത്. സർക്കാറിൽ നിന്നുള്ള സാമ്പത്തിക സഹായവും മുമ്പ് ഈ ഫണ്ടിലേക്ക് ലഭിച്ചിരുന്നു. പൊലീസുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ചികിത്സ, വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങൾക്കെല്ലാമാണ് ഈ ഫണ്ടിൽ നിന്ന് പണം അനുവദിച്ച് വരുന്നത്. ഗ്രാന്റായും ലോണായുമാണ് ഈ ഫണ്ടിൽ നിന്ന് പണം അനുവദിച്ച് വന്നിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം കുറച്ചുനാളായി സർക്കാറിൽ നിന്നുള്ള സാമ്പത്തിക സഹായം ഈ ഫണ്ടിലേക്ക് ലഭിക്കുന്നില്ലെന്ന് സേനാംഗങ്ങൾ പറയുന്നു. അതിനാൽ ഗ്രാന്റ് അനുവദിക്കുന്നതും കുറവാണ്. ലോണായിട്ട് അനുവദിക്കുന്ന തുക പൊലീസുകാരിൽ നിന്ന് തിരിച്ചുപിടിക്കും. പേക്ഷ ഗ്രാന്റായി അനുവദിക്കുന്ന തുക തിരിച്ചുപിടിക്കാറില്ല.
ആ സാഹചര്യത്തിലാണ് പല തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പൊലീസുകാർ ഗ്രാന്റിനും ലോണിനുമായുള്ള അപേക്ഷകൾ സമർപ്പിച്ചത്. അതിലാണ് അപകടത്തിൽ പരിക്കേറ്റതിന് ചികിത്സ നടത്തുന്നതിനായി ഗ്രാന്റ് ആവശ്യപ്പെട്ട് ഒരു പൊലീസുകാരൻ അപേക്ഷ നൽകിയത്.
ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. എന്നാൽ ഈ പൊലീസുകാരന്റെ ഗ്രാന്റ് നിഷേധിച്ചുകൊണ്ടുള്ള മറുപടിയാണ് പുറത്തിറങ്ങിയത്. എന്നാൽ ഇതേ ഉത്തരവിൽ തന്നെയാണ് പൊലീസ് സംഘടനാനേതാവിന്റെ മാതാവിന്റെ കാൻസർ ചികിത്സക്കായി 25000 രൂപ ഗ്രാന്റ് ആയി അനുവദിച്ചതും. രാഷ്ട്രീയം നോക്കി സഹായം അനുവദിക്കുന്ന രീതി ശരിയല്ലെന്നും സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.