മാസത്തിൽ 30 ദിവസവും ഫീൽഡിലിറങ്ങി പണിയെടുക്കുന്ന ആശ പ്രവർത്തകർക്ക് തുച്ഛമായ തുകയാണ് ഓണറേറിയമായും ഇൻസെന്റീവായും ലഭിക്കുന്നത്. അതുപോലും യഥാസമയം നൽകുന്നില്ല സർക്കാർ. ഒരു മാസം തുടർച്ചയായി 50 വീട് കയറണം. കൂടാതെ ഗർഭിണികളും ഒരുവയസിൽ താഴെയുള്ള കുട്ടികളുമുള്ള 20 വീടും പാലിയേറ്റീവ് രോഗികളുള്ള 20 വീടും കയറണം. റിപ്പോർട്ട് തയാറാക്കി സബ്സെന്ററിലും പഞ്ചായത്തിലും എത്തിക്കണം. അവലോകനയോഗം ചേരണം. സബ്സെന്ററിൽ നാല് ഡ്യൂട്ടിചെയ്യണം. അധികഡ്യൂട്ടിയും വേറെ. കുഷ്ഠരോഗ നിർമാർജനം, വൺ ഹെൽത്ത്, പോളിയോ നിർമാർജനം, ശൈലി, ആയുഷ്മാൻ തുടങ്ങിയ പദ്ധതികളുടെ സർവേയും ആശപ്രവർത്തകരുടെ തലയിലാണ്. ഇതിനിടയിൽ തന്നെയാണ് ആരോഗ്യസംബന്ധിയായ ക്ലാസുകളെടുക്കേണ്ടതും. ഒരാൾ പത്താളുടെ ജോലിയെടുത്താലേ തുച്ഛമായ വേതനം ലഭിക്കൂ
കോട്ടയം: ആശ പ്രവർത്തകരുടെ പ്രതിമാസ ഓണറേറിയം ഡിസംബർ മുതൽ വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം പാഴായി. 6000 രൂപ തന്നെയാണ് കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തിയത്.
ഡിസംബർ മുതൽ 1000 രൂപ വർധിപ്പിക്കുമെന്ന് ധനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഈ മാസം 17നാണ് ഡിസംബറിലെ ഓണറേറിയം അക്കൗണ്ടിലെത്തിയത്. ഇതോടെ ഓണറേറിയം കുടിശ്ശിക തീർത്ത് ലഭിച്ചെങ്കിലും നാലുമാസത്തെ ഇൻസെന്റീവ് കിട്ടാനുണ്ട്. മാസത്തിൽ 30 ദിവസവും ഫീൽഡിലിറങ്ങി പണിയെടുക്കുന്ന ആശ പ്രവർത്തകർക്ക് തുച്ഛമായ തുകയാണ് ഓണറേറിയമായും ഇൻസെന്റീവായും ലഭിക്കുന്നത്. അതുപോലും യഥാസമയം നൽകുന്നില്ല സർക്കാർ. 2021ലാണ് ഓണറേറിയം 6000 രൂപ ആക്കിയത്.
2000 രൂപയാണ് ഇൻസെന്റീവ്. പ്രവർത്തനങ്ങൾക്കനുസരിച്ച് ഇതിൽ വ്യത്യാസം വരും. പലപ്പോഴും പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിലാണ് ഇവ കൈയിലെത്തുന്നത്. ഓണറേറിയം നിശ്ചിത നിരക്കാണെന്നാണ് പറയുന്നതെങ്കിലും ഏതെങ്കിലും ഡ്യൂട്ടി ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അതിലും പിടിവീഴും. പോളിയോ വാക്സിൻ കൊടുക്കുന്നതിന് രാവിലെ മുതൽ വൈകുന്നേരം വരെ ഇരുന്നാൽ കിട്ടുന്നത് 75 രൂപയാണ്.
കാലങ്ങളായി ഈ തുകയിൽ മാറ്റം വരുത്തിയിട്ടില്ല. ഈ വർഷത്തെ തുക മിക്കപ്പോഴും അടുത്ത വർഷമായിരിക്കും കിട്ടുക. ഇതെല്ലാം സന്തോഷത്തോടെ ചെയ്യാൻ തങ്ങൾ തയാറാണെന്നും അർഹിക്കുന്ന വേതനം നൽകണമെന്നുമാണ് ആശ പ്രവർത്തകരുടെ ആവശ്യം. ജീവിതച്ചെലവു കൂടി. മറ്റു ജോലികൾക്കു പോകാനാവില്ല. പകൽ മുഴുവൻ വെയിലും മഴയും കൊണ്ടുനടന്ന് പലരും രോഗികളായി. 6000 രൂപ കൊണ്ട് എങ്ങനെ ജീവിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്. 26125 ആശമാരാണ് സംസ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.