തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും ലോഡ് ഷെഡിങ് തൽക്കാലമില്ല. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള ബദൽ മാർഗങ്ങൾ തയാറാക്കാൻ വ്യാഴാഴ്ച മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി തയാറാക്കിയ നിർദേശങ്ങൾ സർക്കാറിന് സമർപ്പിക്കും. തുടർന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാകും ലോഡ് ഷെഡിങ് ഒഴിവാക്കി ഉപയോഗം നിയന്ത്രിക്കാനുള്ള ബദൽമാർഗങ്ങൾ അംഗീകരിക്കുക.
ഉഷ്ണതരംഗമടക്കം പ്രതികൂല കാലാവസ്ഥയിൽ വൈദ്യുതി മുടക്കം ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. വ്യവസായ ശാലകളിൽ ഭാഗിക നിയന്ത്രണം കൊണ്ടുവരണമെന്ന നിർദേശവും വൻകിട വ്യവസായശാലകളിൽ രാത്രി ചെറിയതോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമെന്ന അഭിപ്രായമുയർന്നു. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നുണ്ട്. ലഭ്യമാവുന്ന വൈദ്യുതി സുഗമമായി വിതരണം ചെയ്യാനാവാത്തതാണ് പ്രധാന പ്രശ്നം. അമിതലോഡ് മൂലം വിതരണ ശൃംഖല തകരാറിലാകുന്നു. ലോഡ് ഷെഡിങ് കൊണ്ട് അമിത ലോഡ് നിയന്ത്രിക്കൽ ഫലപ്രദമാവില്ലെന്നാണ് ഊർജവകുപ്പിന്റെയും വിലയിരുത്തൽ. പീക്ക് സമയത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്ന സമയം പ്രതിസന്ധി ഒഴിവാകുമെങ്കിലും അതിന് മുമ്പും ശേഷവും ഉപയോഗം ഉയരും. വിതരണ ശൃംഖലയിലെ തകരാറുകൾ ആവർത്തിക്കുകയും ചെയ്യും. ഇതെല്ലാം പരിഗണിച്ചാണ് അഭ്യന്തര വൈദ്യുതോൽപാദനം കുറയുമ്പോഴും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യമാകുന്ന നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ്ങിലേക്ക് പോകേണ്ടെന്ന നിലപാടിലെത്താൻ കാരണം.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടുകയും ‘ഇറക്കുമതി’ വൈദ്യുതിയിൽ കുറവ് വരികയും ചെയ്താൽ സ്ഥിതി സങ്കീർണമാകും. വിതരണം കാര്യക്ഷമമാക്കാൻ ട്രാൻസ്ഫോർമറുകൾ കൂടുതലായി സ്ഥാപിക്കുന്നതും നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കുകയുമടക്കം പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കാനാവില്ല.
വിതരണശൃംഖല ദീർഘവീക്ഷണത്തോടെ ശക്തിപ്പെടുത്താത്തത് പ്രതിസന്ധിയുടെ ആഴംകൂട്ടുമെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.