ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിച്ച ആരോഗ്യസുരക്ഷ പദ്ധതി (എൻ.എച്ച്.പി.എസ്) കേരളം അതേപടി നടപ്പാക്കില്ല. ‘ആയുഷ്മാൻ ഭാരതി’ന് കീഴിൽ 10 കോടി കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുന്ന ആരോഗ്യരക്ഷ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പദ്ധതി നടപ്പാക്കിയാൽ സംസ്ഥാനങ്ങൾ 4330 കോടി രൂപ പ്രതിവർഷം ഖജനാവിൽ നിന്ന് കൊടുക്കേണ്ടിവരുമെന്ന കണക്ക് പുറത്ത് വരുന്നതിനിടെയാണ് കേരളത്തിെൻറ നിലപാട്.
അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയെന്ന പ്രഖ്യാപനം പ്രായോഗികമല്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് സദാനന്ദൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഉയർന്ന പ്രീമിയം തുക ഉൾപ്പെടെ നൽകേണ്ടിവരുമെന്നതിനാൽ പ്രാേയാഗികമാവില്ലെന്നാണ് കണക്കാക്കുന്നത്. പകരം, രണ്ട് തലത്തിലുള്ള പദ്ധതി നടപ്പാക്കാനാണ് കേരളത്തിെൻറ ആലോചന. സാധാരണ രോഗങ്ങളെ ഒന്നോ രണ്ടോ ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ നടപ്പാക്കുകയാണ് ഒന്ന്. അർബുദം, ഹൃേദ്രാഗം തുടങ്ങിയവയുടെ കാര്യത്തിൽ ബാക്കി തുകക്ക് നേരിട്ട് സർക്കാർ ധനസഹായം നൽകും. ഇത് ഇൻഷുറൻസ് പദ്ധതിക്ക് കീഴിലാകില്ല. എത്ര രൂപക്കാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കേണ്ടത് എന്നതിൽ അന്തിമതീരുമാനം കേരളം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ലക്ഷം രൂപ ആരോഗ്യപരിരക്ഷക്ക് ഒരു കുടുംബത്തിെൻറ പ്രീമിയം വർഷം 1082 രൂപയാകും. ഒറ്റയടിക്ക് 10 കോടി കുടുംബങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന സൂചനയാണ് നിതി ആയോഗിൽ നിന്ന് ലഭിക്കുന്നത്. നിലവിലെ ആരോഗ്യസുരക്ഷ പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആർ.എസ്.ബി.വൈ) ഏറ്റവും മികച്ച നിലയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്ന കേരളം പദ്ധതിയിൽ നിന്ന് പിന്മാറുന്നത്, കേന്ദ്രപ്രഖ്യാപനം സംസ്ഥാനങ്ങൾക്ക് എടുക്കാചരക്കായി മാറുമെന്നതിെൻറ സൂചനയാണ്. ബി.പി.എൽ കുടുംബങ്ങൾക്ക് 30,000 രൂപയുടെ ആരോഗ്യപരിരക്ഷയാണ് ആർ.എസ്.ബി.വൈ നൽകുന്നത്. സർക്കാർ ഒാരോ കുടുംബങ്ങൾക്കും 500 രൂപയാണ് പ്രീമിയം അടക്കുന്നത്. കേരളത്തിൽ കാരുണ്യകൂടി ഉൾപ്പെട്ട ആർ.എസ്.ബി.വൈ പദ്ധതിയിൽ തന്നെ ഇൻഷുറൻസ് കമ്പനികൾ പല ഗുണേഭാക്താക്കൾക്കും തുക നൽകിയില്ലെന്ന പരാതിയുണ്ട്.
ആശുപത്രികളിൽ അടിസ്ഥാനസൗകര്യമില്ലാത്ത ഭൂരിഭാഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പദ്ധതിയുടെ മുന്നോട്ടുപോക്ക് അവതാളത്തിലാണ്. 30,000 രൂപ മാത്രമുള്ള ആർ.എസ്.ബി.വൈയിൽ തന്നെ തുക നൽകാൻ വിമുഖത കാട്ടുന്ന ഇൻഷുറൻസ് കമ്പനികൾ അഞ്ച് ലക്ഷം രൂപ എന്നത് ഏറ്റെടുക്കില്ലെന്നും ആശങ്കയുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ തന്നെ അപ്രായോഗികത ചൂണ്ടിക്കാണിക്കുന്നതോടെ എൻ.എച്ച്.പി.എസിൽ മാറ്റം വരുത്താൻ കേന്ദ്രം നിർബന്ധിതമാവുമെന്നാണ് കേരളം പോലുള്ള സംസ്ഥാനങ്ങൾ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.