തിരുവനന്തപുരം: ഒരാളെയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കി കാസർകോട് ജില്ല. അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസര്‍കോട് കോവിഡ് വിമുക്ത ജില്ലയായത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 178 രോഗികളെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. ഇതില്‍ വിദേശത്തുനിന്ന് വന്നവര്‍ 108 പേരും സമ്പര്‍ക്കത്തില്‍ കൂടി രോഗം പകര്‍ന്നവര്‍ 70 പേരും ആണ്. കാസർകോട് ജില്ല ആശുപത്രിയില്‍ 43 പേരെയും ജനറല്‍ ആശുപത്രിയില്‍ 89 പേരെയും കാസർകോട് മെഡിക്കല്‍ കോളജില്‍ 24 പേരെയുമാണ് ചികിത്സച്ചത്. അതോടൊപ്പം പരിയാരം മെഡിക്കല്‍ കോളജില്‍ 20 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടുപേരും ചികിത്സയിൽ കഴിഞ്ഞു.
മികച്ച ചികിത്സ നല്‍കി എല്ലാവരെയും രോഗമുക്തമാക്കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ഐ.ഡി.എസ്.പി യൂനിറ്റ്, എന്‍.എച്ച്.എം സ്റ്റാഫ്, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലെ ടീമുകളെയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലയിലെ കോവിഡ് പ്രതിരോധ സ്‌പെഷല്‍ ഓഫിസറായ അല്‍കേഷ് കുമാര്‍ ശര്‍മ, ജില്ല കലക്ടര്‍ ഡോ. സജിത് ബാബു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. രാംദാസ്, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍, ജില്ല സര്‍വയലന്‍സ് ഓഫിസര്‍ ഡോ. എ.ടി. മനോജ്, കാസർകോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍, കാഞ്ഞങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് എന്നിവരുടെ ഏകോപനത്തില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഐ.ജി വിജയ് സാക്കറുടെ നേതൃത്വത്തില്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഡ്രോണ്‍ നിരീക്ഷണത്തിലൂടെ സാമൂഹ്യ വ്യാപനം തടയാൻ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും ഇനിയും രോഗികളെത്തുമെന്നതിനാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി.
ഒരുഘട്ടത്തില്‍ ഏറെ ആശങ്കയുണ്ടാക്കിയ ജില്ലയില്‍നിന്നാണ് കാസർകോട് മുക്തമാകുന്നത്. കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വലിയ പ്രവര്‍ത്തനമാണ് കാസർകോട് നടന്നത്. ഫെബ്രുവരി മൂന്നിനാണ് കേരളത്തില്‍ മൂന്നാമതായി കാസര്‍കോട് ജില്ലയില്‍ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആശുപത്രികള്‍ കോവിഡ് ചികിത്സക്കും പ്രതിരോധത്തിനുമായി ശക്തിപ്പെടുത്തി.
മാര്‍ച്ച് 17 മുതലാണ് ജില്ലയില്‍ കോവിഡ് കേസുകള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. തുടര്‍ന്ന് ടെലി കൗണ്‍സിലിംഗ്, അഞ്ച് ഹെല്‍പ് ഡെസ്‌ക്കുകള്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കി കോവിഡ് സെല്‍ വിപുലീകരിച്ചു. കാസർകോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി. സര്‍ക്കാറിെൻറ നിര്‍ദ്ദേശ പ്രകാരം നാല് ദിവസത്തിനുള്ളില്‍ മെഡിക്കല്‍ കോളജിെൻറ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളുള്ള 200 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിച്ചു. മെഡിക്കല്‍ കോളജിനായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ടീം, കോട്ടയം മെഡിക്കല്‍ കോളജ് ടീം, ആലപ്പുഴ മെഡിക്കല്‍ കോളജ് ടീം എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സ സേവനങ്ങള്‍ ഉറപ്പുവരുത്തി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് 75 ലക്ഷവും കോവിഡ് പാക്കേജിലൂടെ അനുവദിച്ച 3.95 കോടി രൂപയും ജില്ലക്കനുവദിച്ചു. കൂടാതെ കാസർകോട് മെഡിക്കല്‍ കോളജിനെ അത്യാധുനിക കോവിഡ് ആശുപത്രിയാക്കി മാറ്റാൻ ഏഴ് കോടിയും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.