തിരുവനന്തപുരം: സിൽവർ ലൈനിൽ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പദ്ധതിയിൽ ധിറുതി വേണ്ടെന്നും ചർച്ച ചെയ്ത് നിലപാട് സ്വീകരിച്ചാൽ മതിയെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റിലെ ധാരണ. ബദൽ നിർദേശം ചർച്ചയായതിലൂടെ ഇത്തരമൊരു പദ്ധതിക്ക് കേരളത്തിൽ സാധ്യതയുണ്ടെന്ന പ്രതീതി ഉണ്ടായെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തൽ. അതേസമയം, ധിറുതി കാണിക്കുന്നത് ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടെന്ന ആരോപണത്തിന് ബലം പകരും. സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച സിൽവർ ലൈൻ പദ്ധതി കേന്ദ്രസർക്കാറിന്റെ അനുമതി കാത്തുകിടക്കുകയാണ്.
സിൽവർലൈൻ പദ്ധതിയിൽ കാര്യമായ മാറ്റം നിർദേശിക്കുന്ന ഇ. ശ്രീധരന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. വായ്പ സാധ്യതയുള്ള പദ്ധതിയാണ് ശ്രീധരന്റെ കുറിപ്പിലുള്ളത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 350 കിലോമീറ്റര്‍ വേഗത്തില്‍ യാത്രചെയ്യാവുന്ന റെയില്‍ പാത തുടങ്ങുമ്പോൾ സെമിസ്പീഡാകണമെന്നും പിന്നീട് ഹൈസ്പീഡിലേക്ക് ഉയർത്താൻ കഴിയണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്.
ഭൂമിക്ക് മുകളിൽ തൂണുകളിലൂടെയും ഭൂമിക്കടിയിലൂടെയുമാകണം പാളം. വൻ മതിലുകൾ ഒഴിവാക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ കുറയും. ഭൂമി അഞ്ചിലൊന്ന് മതി. തിരൂർ മുതൽ കാസർകോട് വരെ നിലവിലെ പാതക്ക് സമാന്തരമായാണ് സിൽവർ ലൈൻ. ഇതാകട്ടെ ഭാവിയിൽ പാത നാലുവരിയാക്കാനുള്ള നടപടികൾക്ക് തടസ്സമാകും എന്നതിനാൽ റെയിൽവേയുടെ എതിർപ്പിന് കാരണമാകുമെന്നാണ് ശ്രീധരന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.