തിരുവനന്തപുരം: സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം പാടില്ലെന്നും വിദ്യാർഥികളുടെ ഉന്നതിക്കും ക്ഷേമത്തിനും പ്രശ്നങ്ങൾ പരിഹരിക്കാനുമായിരിക്കണം പ്രാധാന്യം നൽകേണ്ടതെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറായി പുതുതായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ചാൻസലറെന്ന നിലയിൽ കേരളത്തിലെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി രാജ്ഭവനിൽ സംവദിക്കുകയായിരുന്നു.
വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തണം. എല്ലാവർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാൽ വിദ്യാഭ്യാസമേഖലയിൽ രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണം. കാമ്പസ് രാഷ്ട്രീയം വിദ്യാർഥികളെ ദോഷകരമായി ബാധിക്കരുത്. ഗവേഷണത്തിനായിരിക്കണം സർവകലാശാലകളിൽ പ്രാധാന്യം നൽകേണ്ടത്. ഗവേഷണമില്ലെങ്കിൽ സർവകലാശാലകൾ സാദാ കോളജുകളായിപ്പോവും. സമൂഹത്തിന് ഉപയുക്തമായ ഗവേഷണഫലങ്ങളുണ്ടാവണം. തീരസുരക്ഷ, സമുദ്രസുരക്ഷ, തുറമുഖ വികസനം എന്നിവയിലടക്കം കോഴ്സുകളുണ്ടാവണം. ദേശീയ വിദ്യാഭ്യാസനയം അതേപടി നടപ്പാക്കണം.
വ്യവസായ പ്രമുഖരുമായി ചർച്ചചെയ്ത് പാഠ്യപദ്ധതിയുണ്ടാക്കണം. ഇന്ത്യൻ നോളജ്ഡ് സിസ്റ്റം അടിസ്ഥാനമാക്കി കൂടുതൽ നൂതന കോഴ്സുകളുണ്ടാക്കണം. കാലഘട്ടത്തിന് അനുസൃതമായിരിക്കണം പുതിയ കോഴ്സുകളെന്നും വി.സിമാരോട് ഗവർണർ പറഞ്ഞു.
സംസ്കൃത സർവകലാശാല, സാങ്കേതിക സർവകലാശാല എന്നീ സ്ഥാപനങ്ങളിൽ നിന്നൊഴികെ 11 വി.സിമാരും പങ്കെടുത്തു. സംസ്കൃതം, സാങ്കേതികം എന്നിവിടങ്ങളിലെ രജിസ്ട്രാർമാരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.