കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിലേക്ക് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഞങ്ങളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വന്നതെന്ന് ഗോവിന്ദൻ ചോദിച്ചു. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ കേന്ദ്ര കമ്മറ്റിയംഗങ്ങളും പൊളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കോഴിക്കോട്ടേത് ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം നടത്തുന്ന ആദ്യ പരിപാടിയാണ്. എൽ.ഡി.എഫിന്‍റെ പരിപാടിയല്ല. ജയരാജന്‍റെ പേര് പരിപാടിയുടെ നോട്ടീസിൽ ഉണ്ടായിരുന്നില്ല. ഇനിയും കൂടുതൽ സെമിനാറുകൾ അടക്കമുള്ള പരിപാടികൾ എല്ലാ ജില്ലകളിൽ പാർട്ടി സംഘടിപ്പിക്കും. തുടർ പരിപാടികളിൽ ഇ.പി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ കാരണം ജയരാജനോട് തന്നെ ചോദിക്കണമെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ എൽ.ഡി.എഫ് കൺവീനറും മുതിർന്ന നേതാവുമായ ഇ.പി ജയരാജൻ പങ്കെടുക്കില്ലെന്ന വാർത്ത പുറത്തുവന്നിരുന്നു. കോഴിക്കോട് ഇന്ന് സെമിനാർ നടക്കുമ്പോൾ ജയരാജൻ തിരുവനന്തപുരത്ത് ആയിരിക്കും. ഡി.വൈ.എഫ്.ഐ നിർമിച്ച് നൽകുന്ന സ്നേഹവീടിന്‍റെ താക്കോൽദാന പരിപാടിയിൽ ജയരാജൻ പങ്കെടുക്കും.
എൽ.ഡി.എഫിലെ മുഖ്യ ഘടകകക്ഷിയായ മുതിർന്ന നേതാക്കളാരും കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന് സി.പി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ പങ്കെടുക്കുമെന്നാണ് സി.പി.ഐ അറിയിച്ചിട്ടുള്ളത്.
ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നടക്കുന്ന ‘ജനകീയ ദേശീയ സെമിനാർ’ വൈകീട്ട് നാലിന് സ്വപ്ന നഗരിയിലെ ട്രേഡ് സെന്‍ററിൽ സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.