തിരുവനന്തപുരം: തുടർച്ചയായി രണ്ടുതവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച് ജയിച്ചവരെ പരിഗണിക്കരുതെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. കാര്യപ്രാപ്തരായ സ്ത്രീകളെ ജനറൽ സീറ്റുകളിലേക്കും പരിഗണിക്കണമെന്നും കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി.
തുടർച്ചയായി ജയിച്ചവർക്ക് പകരം പുതുമുഖങ്ങളെ പരീക്ഷിക്കണമെന്ന കഴിഞ്ഞതവണത്തെ നിർദേശം കർശനമായി പാലിക്കണം. ഇളവ് വേണമെന്ന അഭിപ്രായം കീഴ്ഘടകങ്ങൾക്കുണ്ടെങ്കിൽ ഉപരി കമ്മിറ്റികൾ വഴി ജില്ല കമ്മിറ്റിയെ അറിയിക്കണം. ജില്ല സെക്രേട്ടറിയറ്റിേൻറതാകും അന്തിമ തീരുമാനം. ലോക്കൽ -ഏരിയാ കമ്മിറ്റി സെക്രട്ടറിമാർ സ്ഥാനാർഥികളാകാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. ഇതിലും കർശന പരിശോധനക്ക് വിധേയമായിവേണം ഇളവ് ആലോചിക്കാൻ. യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നെന്ന് ഘടകങ്ങൾ ഉറപ്പുവരുത്തണം.
കോർപറേഷൻ, നഗരസഭകളിൽ അധ്യക്ഷ സ്ഥാനം വനിത സംവരണമാണെങ്കിൽ സ്ഥാനാർഥി നിർണയം അവധാനതയോടെ പരിഗണിക്കണം. പട്ടികജാതി വിഭാഗക്കാരെ സംവരണ സീറ്റുകളിലേക്ക് മാത്രമായി നിശ്ചയിക്കരുത്. കഴിവുള്ളവരെ ജനറൽ വാർഡുകളിൽ നിർത്തണം. വിജയസാധ്യതയാകണം സ്ഥാനാർഥിത്വത്തിെൻറ മാനദണ്ഡം. സർക്കാർ, പൊതുമേഖലയിൽനിന്ന് വിരമിച്ച സ്ത്രീകളെ സ്ഥാനാർഥിയാക്കാനുള്ള സമ്മർദത്തിന് പാടെ വഴങ്ങരുത്. പാർട്ടിയിലും വർഗ ബഹുജന സംഘടനയിലും പ്രവർത്തിച്ച് കഴിവ് തെളിയിച്ചവർക്കാകണം പരിഗണന നൽകേണ്ടത്.
താഴേത്തട്ടിൽ പ്രവർത്തകർക്കിടയിൽ അമർഷവും പ്രവർത്തനത്തിൽ വിരക്തിയും ഉണ്ടാകുന്നതരത്തിൽ സ്ഥാനാർഥി നിർണയം മാറരുതെന്നും നിർദേശമുണ്ട്. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ഉൾക്കൊള്ളാനായി എൽ.ഡി.എഫ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും നേതൃത്വം നിർദേശിച്ചു. കേരള കോൺഗ്രസ് പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി വേണം സീറ്റ് വിഭജനം നടത്താൻ. സി.പി.എം നേതൃത്വത്തിൽ ഭരിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജനപ്രതിനിധികൾ തങ്ങൾ നടത്തിയ വികസനപ്രവർത്തനം പ്രസിദ്ധീകരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. പ്രകടനപത്രിക തയാറാക്കുന്ന പ്രവർത്തനവും ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.