കോഴിക്കോട്: താന്‍ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. സ്വപ്‍ന സുരേഷിന്‍റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾ സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. സാമാന്യബുദ്ധിയുള്ള ഏതെങ്കിലും മന്ത്രി കറങ്ങാനായി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ക്ഷണിക്കുമോയെന്നും ഐസക് ചോദിച്ചു. മന്ത്രിയായിരുന്ന കാലത്തെ തന്റെ റെക്കോർഡ് മുഴുവൻ പരിശോധിച്ചു. ഒരിക്കൽ പോലും മൂന്നാറിൽ പോയിട്ടില്ല. ആര് വന്നാലും ചിരിച്ചും സ്‌നേഹത്തിലുമാണ് സംസാരിക്കാറുള്ളത്. അതിൽ ആർക്കെങ്കിലും മറ്റെന്തെങ്കിലും തോന്നിയാൽ അത് തന്റെ തലയിൽ വെക്കേണ്ട. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തന്‍റെ പേര് വെച്ചത് ബോധപൂർവമാണ്. ആരോപണത്തിനെതിരെ നിയമനടപടി വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കും. ആരോപണങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണ്. സ്വപ്‍ന ബി.ജെ.പിയുടെ ദത്തുപുത്രിയാണെന്നും അവർക്ക് പൂർണ സംരക്ഷണം നൽകുന്നതും ആരോപണങ്ങളുടെ സ്‌ക്രിപ്റ്റ് തയാറാക്കുന്നതും അവരാണെന്നും ഐസക്ക് ആരോപിച്ചു.
മുൻ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍ എന്നിവക്കെതിരെയാണ് സ്വപ്‍ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. തോമസ് ഐസക് മൂന്നാറിലേക്ക് ക്ഷണിക്കുകയും മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് പറയുകയും ചെയ്തു. സൂചനകൾ തന്നാണ് അദ്ദേഹം പെരുമാറിയതെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.
കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സ്വപ്നയുടെ ആരോപണം. ''ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് അദ്ദേഹം. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക്ക്മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ല'' എന്നിങ്ങനെയാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നത്.
പി. ശ്രീരാമകൃഷ്ണൻ കോളജ് വിദ്യാർഥിയെ പോലെയാണ് പെരുമാറിയിരുന്നതെന്നും സ്വപ്ന പറഞ്ഞു. കോളജ് കുട്ടികളെപ്പോലെ ഐ ലവ് യു എന്നെല്ലാമുള്ള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കർ. ഔദ്യോഗിക വസതിയിലെ മദ്യപാന സദസ്സിനിടെ മോശമായി പെരുമാറി. ഒറ്റക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടു. ഇത്തരം ഫ്രസ്ട്രേഷനുകള്‍ ഉള്ളയാളാണ് ശ്രീരാമകൃഷണനുമെന്നും സ്വപ്ന ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.