കോഴിക്കോട്: മുൻകൂട്ടി നോട്ടീസ് നൽകാതെ നടത്തുന്ന ഹർത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. തുടരെയുള്ള ഹർത്താലുകൾ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹർത്താൽ നടത്തി പ്രതിഷേധിക്കുന്നത് രണ്ടു ദിവസം കഴിഞ്ഞിട്ടായാലും പോരെയെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിനുശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹർത്താൽ ദിനത്തിൽ കടകൾ തുറന്ന് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയകക്ഷി പ്രതിനിധികളെ കണ്ട് ചർച്ച നടത്തും. കടകൾ പ്രവർത്തിക്കേണ്ടത് സംബന്ധിച്ച നിലപാട് രൂപവത്കരിക്കാൻ പതിനാല് ജില്ലകളിലും കൗൺസിൽയോഗങ്ങൾ വിളിച്ചുചേർക്കും. കച്ചവടക്കാരുെട മേലുള്ള കുതിരകയറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണം.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ ഹർത്താലുകൾ ജനജീവിതത്തെയും വ്യാപാരികളെയും വലിയ രീതിയിലാണ് ബാധിച്ചത്. കടകൾ മാത്രം അടപ്പിച്ച് സ്വകാര്യ വാഹനങ്ങളും ഒാഫിസുകളും പ്രവർത്തിപ്പിക്കാൻ അനുമതി നൽകുന്ന കാഴ്ചയാണ് കണ്ടത്. മാധ്യമങ്ങളെ ഹർത്താലിൽ നിന്നൊഴിവാക്കി വാർത്തകൾ വരുത്തിച്ച് ഹർത്താൽ വിജയിച്ചുവെന്ന് ജനങ്ങളെ കാണിക്കാനാണ് പാർട്ടികൾ ശ്രമിക്കുന്നത്. കടകൾ മുഴവൻ അടഞ്ഞുകിടന്നാൽ ഹർത്താൽ പൂർണമായെന്ന് വരുത്തി തീർക്കുകയാണ്. നിയമപരമായ പോരാട്ടത്തിലൂടെ ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്ത സമ്മേളനത്തിൽ ദേവസ്യ മേച്ചേരി, മാരിയിൽ കൃഷ്ണൻ നായർ, അഹമ്മദ് ഷെരീഫ്, കുഞ്ഞാവു ഹാജി, എം. വസന്തകുമാർ, രാജു അപ്‌സര, കെ. സേതുമാധവൻ, കെ.കെ. വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.