കൊച്ചി: അപൂർവ വനമേഖലക്ക് നാശമുണ്ടാകുമെന്ന പഠന റിപ്പോർട്ടിനെത്തുടർന്ന് അനുമതി നിഷേധിച്ചിട്ടും പൂയംകുട്ടി ജലവൈദ്യുതി പദ്ധതിയിൽനിന്ന് കണ്ണെടുക്കാതെ സർക്കാർ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തള്ളിയ പദ്ധതി നടപ്പാക്കാൻ മൂന്ന് പതിറ്റാണ്ടായി ഒളിഞ്ഞും തെളിഞ്ഞും ശ്രമം തുടരുന്ന സർക്കാർ, വനനഷ്ടം കുറക്കുന്ന വൈദ്യുതി ബോർഡിന്റെ റിപ്പോർട്ടിലാണ് പുതിയ പ്രതീക്ഷ വെക്കുന്നത്. അടുത്തകാലത്തെ മിക്ക ബജറ്റിലും ഇതിലേക്ക് തുക വകയിരുത്തുന്നത് പതിവ് നടപടിക്രമമാണ്.
അഞ്ച് ഘട്ടമായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പൂയംകുട്ടി വൈദ്യുതി പദ്ധതിയുടെ ഭാഗമായ മാങ്കുളം സ്കീമിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ആഗോള സംരക്ഷിത പൈതൃക പട്ടികയിൽ ഇടംനേടിയ പശ്ചിമഘട്ടത്തിലെ നിത്യഹരിത സങ്കേതമായ ഇവിടെ പദ്ധതി വന്നാൽ 4000 ഹെക്ടർ വനം വെള്ളത്തിനടിയിലാകുമെന്നുമുള്ള റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്.
അപൂർവ സസ്യ-ജീവജാലങ്ങളുടെ ആവാസ ഭൂമിയെന്നതും കണക്കിലെടുത്തു. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് ബദൽ പഠനം നടത്തിയും വനനഷ്ടത്തിന്റെ ആഘാതം കുറച്ചുകാട്ടിയും നടപ്പാക്കാൻ ശ്രമമുള്ളത്. 4000ത്തിൽനിന്ന് വനഭൂമി നഷ്ടം 1400 ഹെക്ടറായി കുറയുമെന്നതടക്കം അനുകൂല ഘടകങ്ങൾ നിരത്തിയാണിത്.
കേരളത്തിലെ ജലസമ്പത്തിനെക്കുറിച്ച് 1958ല്‍ വൈദ്യനാഥയ്യര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പൂയംകുട്ടി പദ്ധതി എന്ന നിര്‍ദേശം ഉയരുന്നത്. 1960ല്‍ സര്‍വേ നടന്നു. 1981ഓടെ വൈദ്യുതി ബോര്‍ഡ് റിപ്പോര്‍ട്ട് തയാറാക്കി. അഞ്ച് പദ്ധതികളായാണ് പൂയംകുട്ടി പുഴയിൽ വിഭാവനം ചെയ്തത് -പൂയംകുട്ടി ഒന്നാംഘട്ടം, രണ്ടാംഘട്ടം, അപ്പര്‍ ഇടമലയാര്‍, ആനമലയാര്‍, മാങ്കുളം എന്നിങ്ങനെ. ഇതില്‍ 11 അണക്കെട്ടും നാല് വൈദ്യുതി നിലയവും സ്ഥാപിച്ച് 760 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനായിരുന്നു പദ്ധതി.
പൂയംകുട്ടിയാറില്‍ അണക്കെട്ട് നിര്‍മിച്ച് തുടക്കത്തിൽ 120 മെഗാവാട്ടും രണ്ടാംഘട്ടത്തില്‍ ശേഷി 480 മെഗാവാട്ടുമായി വർധിപ്പിക്കുന്ന പദ്ധതിയാണ് വിവാദമായത്. പ്രകൃതിസ്നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പുയർന്നതോടെയാണ് 1981ല്‍ അനുമതി നിഷേധിച്ചത്.
ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 1994ല്‍ പൂയംകുട്ടിക്ക് അന്തിമമായി അനുമതി നിഷേധിക്കുകയായിരുന്നു.
പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ടുകിടക്കുന്ന, കാടും കാട്ടാറുകളും വെള്ളച്ചാട്ടങ്ങളും അപൂർവ ജൈവ സസ്യസമ്പത്തുംകൊണ്ട് സമൃദ്ധമായ പൂയംകുട്ടി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടവുമാണ്. ലോകത്ത് ആമസോൺ വനാന്തരങ്ങൾ കഴിഞ്ഞാൽ ജലവുമായി ഏറെ ചേർന്നുകിടക്കുന്ന നിത്യഹരിത വനങ്ങളിൽ ഒന്നാണ് പൂയംകുട്ടിയെന്ന് യുെനസ്കോ റിപ്പോർട്ടുണ്ട്.
അത്യപൂർവമായ 526 ഇനം മത്സ്യങ്ങൾ, 22 ഇനം ഉഭയ ജീവികൾ, 43 ഇനം ഉരഗവർഗങ്ങൾ, 168 ഇനം പക്ഷികൾ, 22 ഇനം സസ്തനികൾ എന്നിവയും പൂയംകുട്ടി വനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിക്കായി തെരഞ്ഞെടുത്തതോടെയാണ് പൂയംകുട്ടി രാജ്യത്തിന്റെതന്നെ ശ്രദ്ധാകേന്ദ്രമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.