തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ സമയബന്ധിതമായി നിയമനവും സ്ഥാനക്കയറ്റങ്ങളും നടക്കാത്തതിനാൽ വകുപ്പ് മേധാവിയുടേതടക്കം 170 ഓളം തസ്തിക ഒരു വർഷമായി ഒഴിഞ്ഞുകിടക്കുന്നു. അഡീഷനൽ ഡയറക്ടർക്കാണ് നിലവിൽ ഡി.എച്ച്.എസിന്റെ ചുമതല. അഡ്മിനിസ്ട്രേറ്റിവ് കേഡറിൽ രണ്ട് അഡീഷനൽ ഡയറക്ടർമാരുടെയും ആറ് ഡെപ്യൂട്ടി ഡയറക്ടർമാരുടെയും ഏഴ് അസിസ്റ്റന്റ് ഡയറക്ടർമാരുടെയുമടക്കം 16 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
ജനറൽ കേഡറിൽ അഞ്ച് സിവിൽ സർജൻമാരുടെയും 45 അസി. സർജൻമാരുടെയുമടക്കം 58 കസേരകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഡയറക്ടറായിരുന്ന ഡോ.ആർ.എൽ. സരിത കഴിഞ്ഞ ഏപ്രിലിലാണ് സ്വയം വിരമിച്ചത്. പകരം ഡി.എച്ച്.സിനെ നിയമിക്കുന്നതിന് പകരം അഡീഷനൽ ഡയറക്ടർക്ക് അധിക ചുമതല നൽകി. സ്വാഭാവികമായും അഡീഷനൽ ഡയറക്ടർ എന്ന നിലയിൽ ഇവരുടെ ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരിലേക്ക് വീതംവെക്കപ്പെടും. സ്പെഷാലിറ്റി കേഡറിലും സ്ഥിതി വ്യത്യസ്തമല്ല. ജനറൽ മെഡിസിനിൽ 21 ഉം ജനറൽ സർജറിയിൽ 22 ഉം ഗൈനക്കോളജിയിൽ ആറും അനസ്തേഷ്യ വിഭാഗത്തിൽ എട്ടും ഉൾപ്പെടെ 92 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണക്കാരുടെ ചികിത്സാ ആശ്രയമായ സർക്കാർ ആതുരാലയങ്ങളിലാണ് ഈ സ്ഥിതിവിശേഷം.
കഴിഞ്ഞവർഷത്തെ പൊതുസ്ഥലം മാറ്റം പോലും നടത്തിയിട്ടില്ല. കഴിഞ്ഞ മാർച്ച്-ഏപ്രിലിൽ നടക്കേണ്ട ഈ പ്രക്രിയയുടെ കരട് പട്ടിക പോലും പ്രസിദ്ധീകരിച്ചത് ഈ ജനുവരിയിലാണ്. അതുകഴിഞ്ഞ് രണ്ടു മാസമായിട്ടും അന്തിമപട്ടിക പോലും പുറപ്പെടുവിച്ചിട്ടില്ല. ഡി.എച്ച്.എസ് ഓഫിസിൽ ഇ-ഓഫിസ് സംവിധാനം നടപ്പാക്കാത്തതിനാൽ പൊതുജനങ്ങൾക്ക് വിവിധ കാര്യങ്ങളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളോടൊപ്പം ഡോക്ടർമാരുടെ പ്രൊബേഷൻ പാസാക്കൽ, സർവിസ് റെഗുലറൈസേഷൻ, െപാലീസ് വെരിഫിക്കേഷൻ തുടങ്ങി നിരവധി വിഷയങ്ങളിൽ താമസം നേരിടുകയാണ്.
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറുടേതുൾപ്പടെ നിരവധി തസ്തികകളിൽ നിയമനം നടക്കാത്തതും ഡോക്ടർമാരുടെ വിവിധ സർവിസ് കാര്യങ്ങളിൽ അമിത കാലതാമസം വരുത്തുന്നതും പ്രതിഷേധാർഹമെന്ന് കെ.ജി.എം.ഒ.എ. പല തവണ ഇക്കാര്യങ്ങൾ വിവിധ തലങ്ങളിൽ ഉന്നയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ഈ വിഷയങ്ങളിൽ അടിയന്തര നടപടി ഉണ്ടാവണമെന്ന് സംസ്ഥാന ഭാരവാഹികളായ ഡോ.ജി.എസ്. വിജയകൃഷ്ണനും ഡോ. ടി.എൻ. സുരേഷും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.