കൊച്ചി: പരാതിക്കാരി തനിക്കെതിരെ വർഷങ്ങൾക്ക് മുമ്പ് ആരോപണമുന്നയിച്ചപ്പോൾ ബലാത്സംഗം സംബന്ധിച്ച ആരോപണമുണ്ടായിരുന്നില്ലെന്ന് ‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖ് ഹൈകോടതിയിൽ. ബലാത്സംഗത്തിനിരയായ നടി ഡി.ജി.പിക്ക് ഇ-മെയിൽ അയച്ച പരാതിയെത്തുടർന്ന് ആഗസ്റ്റ് 27ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് സിദ്ദീഖ് ഇക്കാര്യം പറയുന്നത്.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വെച്ച് 2016ൽ നടിയെ സിദ്ദീഖ് പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ, 2019 മുതൽ ഇവർ തനിക്കെതിരെ പരാതിയുമായി രംഗത്തുണ്ടെന്നും അന്നൊന്നും ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു.
2016ൽ തിയറ്ററിൽ വെച്ച് ലൈംഗീകാതിക്രമത്തിന് ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നൊക്കെയായിരുന്നു അന്നത്തെ ആരോപണം. 2019 മുതൽ 2022 വരെ വിവിധ ഫേസ് ബുക്ക് പോസ്റ്റിലൂടെയും ലൈവിലൂടെയും അഭിമുഖങ്ങളിലൂടെയും ഇവർ പറഞ്ഞത് ഈ കഥയാണ്. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യവുമില്ല. ഈ സാഹചര്യത്തിലാണ് ജാമ്യം ലഭിക്കാതിരിക്കാനുള്ള ഉദ്ദേശ്യത്തോടെ ബലാത്സംഗം ആരോപണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 2016ൽ ഹോട്ടലിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പുതിയ പരാതി. രണ്ട് ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.