ന്യൂഡൽഹി: കടുത്ത സമ്മർദങ്ങൾക്കിടയിൽ തിരുത്തൽ വരുത്തിയ പട്ടിക ഹൈകമാൻഡ് പുറത്തിറക്കിയെങ്കിലും കോൺഗ്രസ് ഡി.സി.സി പ്രസിഡൻറുമാരെ നിശ്ചയിച്ചതിനെച്ചൊല്ലി കടുത്ത അമർഷം. പല സംസ്ഥാന നേതാക്കളും പൊട്ടിത്തെറിച്ചുനിൽക്കുകയാണ്. പരസ്യ പ്രതികരണത്തിനു മുതിർന്ന രണ്ടു നേതാക്കൾക്കെതിരെ സസ്പെൻഷൻ വന്നത് പരസ്യപ്രതികരണത്തിന് തടയിടാനാണെങ്കിലും, കാതലായ ആക്ഷേപങ്ങൾ ബാക്കി.
ഗ്രൂപ് സമ്മർദങ്ങൾക്കൊപ്പം സാമുദായിക, പ്രാദേശിക പരിഗണനകൾ മുൻനിർത്തിയാണ് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പേരുമാറ്റം നടന്നത്. സ്വന്തം ജില്ലയിൽപോലും തെൻറ താൽപര്യം നടക്കാതെവന്നതിെൻറ ക്ഷീണത്തിൽനിന്ന് രമേശ് ചെന്നിത്തലക്ക് ആശ്വാസം. ഇടുക്കിയിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് തെൻറ താൽപര്യം നടപ്പാക്കാനായില്ല. കോട്ടയത്ത് ഉമ്മൻ ചാണ്ടിക്ക് കൂടുതൽ സ്വീകാര്യനായ ഒരാൾ വന്നു.
എന്നാൽ വനിത, പട്ടികവിഭാഗ പ്രാതിനിധ്യം ഡി.സി.സി അധ്യക്ഷ പട്ടികയിൽ ഇല്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പുകളെ ഒതുക്കിയപ്പോൾ കെ. സുധാകരൻ, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവർ പദവി ദുരുപയോഗിച്ച് ssssസ്വന്തം താൽപര്യപ്രകാരം ജനപിന്തുണയില്ലാത്തവരെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചുവെന്ന കടുത്ത ആക്ഷേപവും ബാക്കി. ഗ്രൂപ്പിനതീതമായി രൂപപ്പെടുത്തിയ പട്ടികയിലെ 14 പേർക്കും വ്യക്തമായ ഗ്രൂപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് നിരവധി നേതാക്കൾ. എം.പിമാരെ മാത്രം കേട്ടാണ് തീരുമാനമെടുത്തതെന്നും വിമർശനം ഉയരുന്നു.
മലബാറിൽ വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലും ഡി.സി.സി പ്രസിഡൻറുമാർ ഒരേ സമുദായത്തിൽനിന്നായത് സന്തുലനം തെറ്റിക്കുമെന്ന പരാതി അതേപടി തുടരുന്നു. ഡി.സി.സി പ്രസിഡൻറ് സ്ഥാനം വഹിച്ചവരെ വീണ്ടും പരിഗണിക്കില്ലെന്ന പൊതുതത്ത്വം വയനാട്ടിൽ എൻ.ഡി. അപ്പച്ചന് ബാധകമായില്ല. എ.വി. ഗോപിനാഥ് ഒഴിവാക്കപ്പെട്ടപ്പോൾ കെ.സി. വേണുഗോപാലിെൻറ നോമിനി പ്രസിഡൻറായി. ഒട്ടുമിക്ക ജില്ലകളിലും ഇത്തരം ആക്ഷേപങ്ങൾ ബാക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.