കോട്ടയം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിൽ വ്യാപക വീഴ്ചയും ക്രമക്കേടുമെന്ന് സി.എ.ജിയുടെ കണ്ടെത്തൽ. ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോള്‍ മിക്കയിടങ്ങളിലും സീറ്റ് ബെൽറ്റോ ഹെൽമറ്റോ ധരിക്കാറില്ലെന്നും പരീക്ഷകളിൽ ഡ്രൈവിങ് സ്കൂള്‍ അധികൃതർ ഇടപെടുന്നുവെന്നും പരിശോധന റിപ്പോർട്ടിൽ പറയുന്നു. നവീകരിച്ച ട്രാക്കുകളും ഡ്രൈവിങ് ടെസ്റ്റിൽ പരിഷ്കാരങ്ങളും ആവശ്യമാണെന്നും ശിപാർശ ചെയ്യുന്നു.
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കണമെന്ന ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അഭിപ്രായം അപ്പടി ശരിവക്കുന്നതാണ് സി.എ.ജിയുടെ കണ്ടെത്തൽ. സംസ്ഥാനത്തെ വിവിധ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലായിരുന്നു പരിശോധന.
സംസ്ഥാനത്തെ 37 ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് സി.എ.ജി വിഭാഗം പരിശോധന നടത്തിയത്. ഡ്രൈവിങ് ടെസ്റ്റിലെ ഒമ്പത് അപര്യാപ്തകളാണ് പരിശോധനയിൽ ചൂണ്ടിക്കാട്ടുന്നത്. കാറുകളുടെ ടെസ്റ്റിനായുള്ള എച്ച് ട്രാക്കിനൊപ്പം പാർക്കിങ് ട്രാക്ക് വേണമെന്നാണ് ചട്ടം.
എന്നാൽ, പരിശോധന നടത്തിയ 37 ഗ്രൗണ്ടിൽ 34 ലും പാർക്കിങ് ട്രാക്കില്ല. എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തുമ്പോൾ മിക്ക പരീക്ഷാർഥികളും സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നില്ല. 37 ഗ്രൗണ്ടിൽ പരിശോധന നടത്തിയതിൽ 31 ഗ്രൗണ്ടിലും സീറ്റ് ബെൽറ്റ് ഇടാതെയാണ് എച്ച് എടുക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. സീറ്റ് ബെൽറ്റിടാതെ ടെസ്റ്റ് നടത്തിയാൽ യഥേഷ്ടം പിന്നിലേക്ക് നോക്കി വാഹനം പിന്നിലേക്കെടുക്കാൻ സാധിക്കും. ഈ രീതി ശരിയല്ലെന്നാണ് കണ്ടെത്തൽ.
ഇരുചക്ര വാഹന ടെസ്റ്റിൽ പങ്കെടുക്കുന്നവർ ആരും ഹെൽമെറ്റും വെക്കുന്നില്ല. 37 ഗ്രൗണ്ടിൽ 20 എണ്ണത്തിലും ആരും ഹെൽമറ്റ് വെച്ചില്ല. ഇരുചക്ര വാഹനത്തിന്റെ റോഡ് ടെസ്റ്റ് ഗ്രൗണ്ടിലാണ് നടക്കുന്നത്. 37 ഗ്രൗണ്ടിൽ പരിശോധിച്ചതിൽ 20 ഗ്രൗണ്ടിലും ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നാലുചക്രവാഹനങ്ങളുടെ എച്ച് ടെസ്റ്റിൽ വാഹനം പൂർണമായും ബ്രേക്ക് ചവിട്ടി സ്റ്റിയറിങ് തിരിക്കാൻ പാടില്ല. പക്ഷേ, 37ൽ 12 ഗ്രൗണ്ടിൽ വാഹനം ബ്രേക്ക് ചെയ്ത് സ്റ്റിയറിങ് തിരിച്ചാണ് എച്ച് എടുക്കുന്നതെന്നും കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന 15 വാഹനങ്ങൾക്ക് ഇൻഷുറൻസും ഏഴ് വാഹനങ്ങൾക്ക് പുകപരിശോധന സർട്ടിഫിക്കറ്റും ഇല്ലെന്നും കണ്ടെത്തി.
ഡ്രൈവിങ് സ്കൂൾ പരിശീലകർ ടെസ്റ്റിൽ ഇടപെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 37ൽ 16 ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ പരിശീലകർ സഹായത്തിന് ഗ്രൗണ്ടിൽ ഇടപെടുന്നതായി പരിശോധനയിൽ കണ്ടെത്തി.
ലേണേഴ്സ് പരീക്ഷക്കുമുമ്പ് ഒരിടത്തും സുരക്ഷ ക്ലാസുകളും എടുക്കുന്നില്ല. 37ൽ 12 ഗ്രൗണ്ടിലും കുടിക്കാൻ വെള്ളമോ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ ശൗചാലയമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നും എ.ജിയുടെ റിപ്പോർട്ടിൽ പറയുന്നു.
എ.ജി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ അടിയന്തര ഇടപെടലിനായി റിപ്പോർട്ട് എല്ലാ ആർ.ടി.ഒമാർക്കും ട്രാൻസ്പോർട്ട് കമീഷനർ കൈമാറി. മേയ് ഒന്നുമുതൽ നടത്താൻ ഉദ്ദേശിക്കുന്ന ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ സംഘടന ഹൈകോടതി സമീപിച്ചിരിക്കുമ്പോഴാണ് എ.ജിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.