ഇരിട്ടി: ലഹരി മരുന്നുകടത്തിന്റെ കേരളത്തിന്റെ കവാടമായി മാറിയ കൂട്ടുപുഴ ചെക്പോസ്റ്റിൽ ജീവൻ പണയംവെച്ച് എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥർ. അന്തർ സംസ്ഥാന പാതയിൽ വാഹന പരിശോധനക്ക് ശാസ്ത്രീയ സംവിധാനം ഇല്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ലഹരിമരുന്ന് ഒളിപ്പിച്ചു വരുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മനോധൈര്യം മാത്രമാണ് കൈമുതൽ.
എക്സൈസ് ചെക്പോസ്റ്റിൽ ഒരു എക്സൈസ് ഇൻസ്പെക്ടറും അഞ്ച് പ്രിവന്റിവ് ഓഫിസർമാരുമാണ് ഓരോ ഷിഫ്റ്റിലും ജോലി ചെയ്യുന്നത്. ദിനംപ്രതി ശരാശരി 300 വാഹനങ്ങൾ വരെയാണ് ഇവർ പരിശോധിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ 20 മയക്കുമരുന്ന് കേസുകളാണ് ചെക്പോസ്റ്റിൽ പിടികൂടിയത്.
സാധാരണക്കാർ പരിശോധനക്ക് വാഹനം നിർത്തി സഹകരിക്കുമെങ്കിലും മയക്കുമരുന്ന് കടത്തു സംഘങ്ങളും മദ്യപിച്ചു എത്തുന്നവരും ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചെക്പോസ്റ്റിലെ എക്സൈസ് ജീവനക്കാർക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. ചെറുത്തുനിൽപ്പിന് ആകെയുള്ള ആയുധം ലാത്തി മാത്രമാണ്.
മയക്കുമരുന്നു സംഘങ്ങൾ അക്രമാസക്തരായാൽ ഇത്തരക്കാരെ പ്രതിരോധിക്കുന്നതിനോ ഉദ്യോഗസ്ഥരുടെ സ്വയരക്ഷക്കോ ഇവിടെ സുരക്ഷസംവിധാനമില്ല. ഒരു മാസത്തിനിടെ രണ്ടുതവണയാണ് എക്സൈസ് പരിശോധനക്കിടെ വാഹനവുമായി മയക്കുമരുന്ന് സംഘം കടന്നുകളഞ്ഞത്. കഴിഞ്ഞദിവസം എക്സൈസ് ഉദ്യോഗസ്ഥനെ തന്നെ തട്ടിക്കൊണ്ടുപോകുന്ന ഗൗരവതരമായ സംഭവവുമുണ്ടായി.
വാഹനത്തിന്റെ പ്രത്യേക അറകളിലോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തോ ഒളിപ്പിച്ചു കടത്തി കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ടെത്തുന്നതിന് ഈ കേന്ദ്രത്തിൽ ശാസ്ത്രീയ മാർഗങ്ങളും സംവിധാനവുമില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ എത്തുന്ന വാഹനത്തിൽ കയറി പരിശോധിക്കുകയെന്നതും അസാധ്യമാണ്.
കർണാടക ഭാഗത്തുനിന്ന് അമിത വേഗതയിൽ എത്തുന്ന വാഹനങ്ങളെ കൈനീട്ടി നിർത്തി പരിശോധിക്കുക എന്ന സാധാരണ ദൗത്യം മാത്രമേ ഇവർക്ക് ഈ ചെക്പോസ്റ്റിൽ ചെയ്യാനാകൂവെന്നാണ് അവസ്ഥ.
ചെക്പോസ്റ്റ് ബോർഡ് കണ്ടാൽ വാഹനത്തിന്റെ വേഗത കൂട്ടുന്നവരെ പ്രതിരോധിക്കുക സാധ്യമല്ലതാനും. ഒരു കി.മീറ്റർ അകലെയുള്ള മാക്കൂട്ടം ചെക്പോസ്റ്റിൽ ഇരുഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ പരിശോധിക്കുന്നതിനും വേഗം കുറച്ച് കടന്നുപോകുന്നതിനും ബാരിക്കേഡ് അടക്കമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
സമാനമായ രീതിയിൽ കൂട്ടുപുഴ അതിർത്തി ചെക്പോസ്റ്റിലും സുരക്ഷസംവിധാനം ഒരുക്കണമെന്നാണ് പൊലീസും എക്സൈസും നാട്ടുകാരും ഒരുപോലെ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.