തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിെൻറ ആദ്യ ബജറ്റ് മുൻ സർക്കാരിെൻറ അവസാന ബജറ്റിൻ്റെ ആവർത്തനം മാത്രമാണെന്നും ജനങ്ങളുടെ തകർന്നടിഞ്ഞ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ പ്രത്യേക സാമ്പത്തിക നിർദ്ദേശങ്ങൾ ബജറ്റിൽ ഇല്ലാതെ പോയത് നിരാശാജനകമാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. കേരളം നേരിടുന്ന അടിയന്തിര പ്രശ്നങ്ങളിലൊന്നാണ് ലോക്ഡൗണടക്കമുള്ള നിയന്ത്രണങ്ങളാൽ തകർന്നടിഞ്ഞ പ്രാദേശിക സമ്പദ്ഘടന.
തൊഴിൽ - വരുമാന നഷ്ടം മൂലം ജനങ്ങളുടെ കയ്യിൽ പണമില്ലാത്തത് പ്രാദേശിക മാർക്കറ്റുകളെ നിശ്ചലമാക്കും. ഇത് കേരളത്തിലെ റവന്യൂവിനെ തന്നെ കാര്യമായി ബാധിക്കും. ഇത് മറികടക്കാൻ ജനങ്ങളുടെ കൈയിൽ നേരിട്ട് പണമെത്തുന്ന നിലയിലുള്ള നിർദ്ദേശമാണ് ഉണ്ടാകേണ്ടിയിരുന്നത്.
ബജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് ധനമന്ത്രി പ്രതീക്ഷ നൽകി എങ്കിലും അതെല്ലാം നിലവിലെ പദ്ധതികൾ കൂട്ടി ചേർത്തുള്ളതാണ് എന്ന് അദ്ദേഹം തന്നെ പിന്നീട് വിശദീകരിച്ചതോടെ ബജറ്റിെൻറ വിശ്വാസ്യതക്ക് മങ്ങലേറ്റിരിക്കുന്നു. ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങൾ മുൻ നിർത്തി ദുരന്ത നിവാരണത്തിന് ഭാവനാപൂർണ്ണമായതും ആധുനികമായതുമായ നിർദ്ദേശങ്ങൾ ഉണ്ടാകേണ്ടിയിരുന്നു. കോവിഡ് കാലത്ത് ആരോഗ്യ മേഖലക്ക് നീക്കി വെച്ച തുക പര്യാപ്തമല്ല. പ്രാഥമിക ഹെൽത്ത് സെന്റർ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യ ശൃംഖല കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്. അതേ സമയം അധിക നികുതി നിർദ്ദേശമില്ല എന്നത് ആശ്വാസകരമാണ്.
കോവിഡ് മൂന്നാം വ്യാപനത്തെ മുൻകൂട്ടി കണ്ട് കുട്ടികളുടെ ചികിൽസാ സൗകര്യം പരിമിതമായെങ്കിലും മെച്ചപ്പെടുത്താനുളള ശ്രമം സ്വാഗതാർഹമാണ്. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വായ്പയല്ലാതെ മാറ്റി വെച്ച തുക അപര്യാപ്തമാണ്. വായ്പ മറ്റൊരു പ്രതിസന്ധിയായി മാറാൻ ഇടയുണ്ട്. ബജറ്റ് പാസ്സാക്കുന്നതിന് മുമ്പ് ഇത്തരം പോരായ്മകൾ പരിഹരിക്കാൻ സർക്കാർ സന്നദ്ധമാകണം.
തീരദേശ സംരക്ഷണത്തിനായുള്ള പദ്ധതികൾ തീരദേശ ജനതയുമായി കൂടിയാലോചിച്ച് മാത്രമേ നടപ്പാക്കാവൂ. ധനകമ്മിയും കടബാധ്യതയും വലിയ തോതിൽ വർദ്ധിക്കുമ്പോഴും വികസന പ്രവർത്തനങ്ങൾ മുഴുവനായി പൂർണ്ണമായും വായ്പയിൽ അധിഷ്ഠിതമായ കിഫ്ബി വഴി തന്നെ നടത്താൻ സർക്കാർ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.