കൊച്ചി: ലൈസൻസില്ലാത്ത തെരുവുകച്ചവടത്തിന് കൊച്ചി നഗരത്തിൽ ഡിസംബർ ഒന്നുമുതൽ ഹൈകോടതിയുടെ വിലക്ക്. അർഹരായ വഴിയോരക്കച്ചവടക്കാർക്ക് ലൈസൻസും തിരിച്ചറിയൽ കാർഡും വിതരണം ചെയ്യുന്ന നടപടികൾ നവംബർ 30നകം പൂർത്തിയാക്കാനും നിർദേശിച്ചു. ലൈസൻസില്ലാത്തവർക്ക് അനുമതി നൽകരുതെന്ന ഉത്തരവ് നടപ്പാക്കാൻ എറണാകുളം ജില്ല കലക്ടറെയും സിറ്റി പൊലീസ് കമീഷണറെയും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഹരജിയിൽ കക്ഷി ചേർത്തു. നഗരത്തിലെ അനധികൃത തെരുവു കച്ചവടം തടയണമെന്നതടക്കം ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികളിലാണ് ഉത്തരവ്.
നഗരത്തിൽ തെരുവുകച്ചവടം നടത്താൻ അർഹതയുണ്ടെന്ന് കണ്ടെത്തിയ 876 പേരിൽ 700 പേർക്ക് ലൈസൻസും ഐ.ഡി കാർഡും നൽകിയെന്നും ശേഷിച്ച 176 പേരെ കണ്ടെത്താൻ നടപടി തുടരുകയാണെന്നും കൊച്ചി നഗരസഭ സിംഗിൾ ബെഞ്ച് മുമ്പാകെ അറിയിച്ചിരുന്നു. തെരുവുകച്ചവടത്തിന് ലൈസൻസ് ലഭിക്കാൻ 927 അപേക്ഷ വീണ്ടും ലഭിച്ചതിൽ 398 പേർക്ക് ലൈസൻസിന് അർഹതയുണ്ടെന്ന് കണ്ടെത്തിയതായും അപേക്ഷ നവംബർ 19ലെ നഗരസഭ ടൗൺ വെൻഡിങ് കമ്മിറ്റി യോഗത്തിെൻറ പരിഗണനക്ക് സമർപ്പിച്ചതായും വ്യക്തമാക്കി. തുടർന്നാണ് ഇതിനുള്ള നടപടികൾ നവംബർ അവസാനത്തോടെ പൂർത്തിയാക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
ടൗൺ വെൻഡിങ് കമ്മിറ്റിയുടെ അനുമതിയില്ലാത്ത തെരുവു കച്ചവടക്കാർക്ക് ലൈസൻസും ഐ.ഡി കാർഡും ലഭിക്കാൻ കമ്മിറ്റിക്ക് അപേക്ഷ നൽകാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണം. എന്നാൽ, ഇത്തരക്കാർക്ക് ലൈസൻസും കാർഡും ലഭിക്കുന്നതുവരെ തെരുവുകച്ചവടം നടത്താൻ അനുവദിക്കരുതെന്നും സിംഗിൾ ബെഞ്ചിെൻറ ഉത്തരവിൽ പറയുന്നു. ഹരജികൾ വീണ്ടും ഡിസംബർ മൂന്നിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.