മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു

കോളജ് പ്രിൻസിപ്പൽ നിയമനത്തിൽ ചട്ടം ലംഘിച്ചിട്ടില്ല -മന്ത്രി ആർ. ബിന്ദു

തൃശൂർ: സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്‌പെഷ്യൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു തൃശൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിക്കോ സർക്കാരിനോ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താല്പര്യമില്ലെന്നും പരാതിക്കിടയാകാത്ത രീതിയിൽ പ്രിൻസിപ്പൽ നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സർക്കാർ കോളജുകളിലെ അധ്യാപക സർവീസിൽനിന്നും സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ഇതുവരെ പ്രിൻസിപ്പൽമാരെ നിയമിച്ചിരുന്നത്. കോളജ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ടായിട്ടുണ്ട്. യു.ജി.സി റെഗുലേഷൻ 2010 നിലവിൽ വന്നതോടെ കോളജ് പ്രിൻസിപ്പൽ നിയമനത്തിന് യു.ജി.സിയുടെ നിബന്ധന നിലവിൽ വരുകയും എയ്‌ഡഡ്‌ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ കോടതികളുടെ പരിശോധനകൾക്ക് വിധേയമാകുകയും യു.ജി.സി റെഗുലേഷൻ പൂർണമായും നടപ്പിലാക്കേണ്ടതാണ് എന്ന ഉത്തരവ് വരികയും ചെയ്തു.

പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി. നിബന്ധന ഓരോ കോളജിനെയും ഓരോ പ്രത്യേക സ്ഥാപനങ്ങളായിക്കണ്ട് നിയമനം നടത്തുകയെന്നുള്ളതാണ്. സർക്കാർ കോളജുകൾ പോലെ ഒന്നിലധികം പ്രിൻസിപ്പൽമാർ ഉൾക്കൊള്ളുന്ന ഒരു സർവീസിലേക്ക് നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് യു.ജി.സി റെഗുലേഷനിൽ വ്യക്തമായ നിർദ്ദേശങ്ങൾ ഒന്നും തന്നെയില്ല. അതുകൊണ്ടുതന്നെ യു.ജി.സി നിബന്ധനകളിൽ യോഗ്യതയുമായി ബന്ധപ്പെട്ട നിബന്ധനകൾ ഒരു സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ച് പരിശോധിക്കുകയും, സെലക്ട് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തുകയുമാണ് ചെയ്യേണ്ടതെന്നു സർക്കാർ തീരുമാനിക്കുകയാണുണ്ടായത്.

ഇപ്രകാരം സെലക്ഷൻ കമ്മിറ്റിയെ നിയമിച്ച് നടത്തിയ പരിശോധനയിലാണ് 43 പേരുടെ ലിസ്റ്റ് തയ്യാറാക്കപ്പെട്ടത്. അപ്പോൾതന്നെ യു.ജി.സി മാനദണ്ഡമനുസരിച്ചല്ല സെലക്ഷൻ നടന്നതെന്ന് നിരവധി പരാതികൾ ഉയർന്നുവന്നു. ഈ പരാതികൾ പരിശോധിക്കുന്നതിന് മുമ്പാണ് ഡി.പി.സി. ചേർന്ന് ലിസ്റ്റ് അംഗീകാരത്തിനായി സർക്കാരിന് നൽകിയത്. എന്നാൽ പരാതികൾ അന്വേഷിക്കാതെ നിയമന നടപടികളിലേക്ക് കടക്കുന്നത് സാമാന്യനീതിക്ക് നിരക്കാതാകുമെന്നും കേസുകൾക്ക് കാരണമാകുമെന്നും പരിഗണിച്ച് പരാതികൾ പരിശോധിക്കണമെന്ന നിലപാടെടുക്കുകയും അതിനുള്ള സംവിധാനം നടപ്പിലാക്കുകയുമാണ് സർക്കാർ ചെയ്‌തത്‌.

രണ്ടു കാര്യങ്ങൾ ഇവിടെ പ്രത്യേകം ശ്രദ്ധേയമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽമാരുടെ നിയമനപ്രക്രിയ വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി സ്വീകരിച്ച നടപടി ആയതിനാൽ തീരുമാനം സർക്കാർ അംഗീകാരത്തിന് വിധേയമാണ്. 'സീനിയോറിറ്റി ലിസ്റ്റും കോൺഫിഡൻഷ്യൽ റിപ്പോർട്ടും മാത്രമാണ് ഡി.പി.സി. പരിശോധിക്കുന്നത്. കൂടാതെ, യു.ജി.സി.യുടെ സെലക്ട് ലിസ്റ്റ് മാത്രം വച്ച് നിയമനം നടത്തുമ്പോൾ സീനിയോറിറ്റി മാനദണ്ഡമല്ല. എന്നാൽ സംസ്ഥാനത്തെ സർക്കാർ കോളജ് പ്രിൻസിപ്പൽമാർക്ക് ഏഴ് സ്‌പെഷൽ ഗ്രെയ്‌ഡ്‌ പ്രിൻസിപ്പൽ, അഞ്ച് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടർമാർ. ഒരു അഡീഷണൽ ഡയറക്ടർ തുടങ്ങിയ പോസ്റ്റുകളിലേയ്ക്ക് സീനിയോറിറ്റി മാനദണ്ഡം വച്ച് ഡി.പി.സി പരിശോധനയിലൂടെ, നിലവിലുള്ള സ്‌പെഷ്യൽ റൂൾസ് പ്രകാരം വേണം നിയമനം നടത്താൻ. ഇത് യു.ജി.സി മാനദണ്ഡത്തിൽ ഉൾപ്പെടുന്ന കാര്യമല്ലാത്തതിനാൽ, സർക്കാർ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ നിയമനത്തിൽ സീനിയോറിറ്റി മാനദണ്ഡം അധികമായി പരിശോധിക്കാനും, ഡി.പി.സി പരിശോധന നടത്താനും നടപടി സ്വീകരിയ്ക്കുകയാണ് സർക്കാർ ചെയ്തത്.

പ്രിൻസിപ്പൽ നിയമന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ ഇപ്പോൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. കമ്മിറ്റി ആദ്യം തിരഞ്ഞെടുത്തു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 43 പേരെ ആദ്യം നിയമിക്കണമെന്നു ഒരു വിഭാഗം ട്രൈബ്യൂണൽ മുമ്പാകെ വാദമുയർത്തുകയും അവരെ നിയമിക്കണമെന്ന് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവാകുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും സർക്കാർ വാദങ്ങൾ കേട്ട ശേഷം യു ജി സി റെഗുലേഷൻ പ്രകാരം നിയമനപ്രക്രിയയുമായി മുന്നോട്ടുപോകാൻ മറ്റൊരു ഇടക്കാല വിധിയിലൂടെ സർക്കാരിനെ ട്രൈബ്യൂണൽ അനുവദിക്കുകയും ചെയ്തിരുന്നു.

കോടതിയിൽ നിലവിലുള്ള കേസുകൾ സംബന്ധിച്ച് നിയമോപദേശം നേടിയ ശേഷം മാത്രമേ പ്രിൻസിപ്പൽ നിയമന കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കൂവെന്നും മന്ത്രി പറഞ്ഞു. കോടതി വ്യവഹാരങ്ങൾക്കു കാരണം സീനിയോറിറ്റി പരിരക്ഷിക്കുക എന്നതായതിനാൽ കോടതിവിധികൾക്ക് വിധേയമായി സീനിയോറിറ്റി സംരക്ഷിക്കുന്നതിനുള്ള നിലപാട് സർക്കാർ സ്വീകരിക്കും - മന്ത്രി പറഞ്ഞു.

Tags:    
News Summary - No violation of rules in appointment of college principal says Minister R Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.