കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് പറയുന്ന ആദ്യ സർക്കാർ -കെ.എം. ഷാജി

തി​രു​വ​ന​ന്ത​പു​രം: ആത്മവിശ്വാസം നഷ്ടപ്പെട്ടു പോയ ഒരു ജനതയുടെ പ്രതിഷേധമാണ് നിയമസഭയിലെ അവിശ്വാസ പ്രമേയമെന്ന് കെ.എം. ഷാജി എം.എൽ.എ. അനാഥകുട്ടികൾ, മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ കുടുംബം, പാലത്തായി പെൺകുട്ടി, അലൻ-താഹ എന്നിവരുടെ കുടുംബങ്ങൾ, പതിനായിരക്കണക്കിന് പി.എസ്.സി ഉദ്യോഗാർഥികൾ, സർക്കാർ ചതിച്ച പ്രവാസികൾ, പ്രജേഷ്, ശരത് ലാൽ, ഷുഹൈബ്, ശുക്കൂർ അടക്കമുള്ളവരുടെ അമ്മമാർ എന്നിവരുടെ കണ്ണീരിൽ സർക്കാറിനെതിരായ അവിശ്വാസമുണ്ട്. ജനങ്ങൾക്കിടയിൽ ജീവിക്കുന്നത് കൊണ്ടാണ് സർക്കാറിനെതിരെ അവിശ്വാസം കൊണ്ടു വന്നതെന്നും കെ.എം ഷാജി പറഞ്ഞു.

വിശ്വാസം നഷ്ടപ്പെട്ട ജനങ്ങളുടെ നിശബ്ദ കരച്ചിൽ മന്ത്രി മന്ദിരങ്ങളിൽ കഴിയുന്നവർ കേൾക്കണമെന്നില്ല. ലക്ഷങ്ങൾ കൊടുത്ത് കൂടെ നിർത്തിയ പിണിയാളുകളും ഇക്കാര്യം നിങ്ങളോട് പറയണമെന്നില്ല. എന്നാൽ, പ്രതിപക്ഷത്തിന് പറയേണ്ടതുണ്ട്. ഇത്രയും നെറികേട് കാണിച്ച സാർക്കാർ ഉണ്ടാകില്ല.

വനിതാ പത്രപ്രവർത്തകരോട് വൃത്തികേട് പറയാൻ നിങ്ങൾ സഹായിച്ചു. ചോദ്യങ്ങൾ മറന്നു പോയി റോഡിയോയുടെ മുമ്പിൽ നിൽക്കുന്നത് പോലെ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ മുമ്പിൽ നിന്നു. ചോദ്യങ്ങൾ കേൾക്കുമ്പോൾ അസഹിഷ്ണുത കാണിക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഈ നാടിന്‍റെ ശാപം.

അഴിമതി മറയ്ക്കാൻ മന്ത്രിമാർ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നു. പാർട്ടി പ്രവർത്തകർക്ക് മര്യാദ പഠിപ്പിച്ചു കൊടുക്കണം. സൈബർ ഗുണ്ടകൾക്ക് മര്യാദ പഠിപ്പിക്കാൻ പാർട്ടി ക്ലാസിൽ ശ്രമിക്കണം. കൊടിയിലെ അരിവാളും ചുട്ടികയും മനുഷ്യരുടെ തലയറുക്കാനും തലക്കടിക്കാനും അല്ലെന്നും കൃഷിയും വ്യവസായവും ചെയ്യുന്ന തൊഴിലാളികളുടെ ചിഹ്നമാണെന്നും പറഞ്ഞു കൊടുക്കണം.

കോവിഡിന് മുമ്പേ ക്വാറന്‍റീൻ കണ്ടുപിടിച്ച ആളാണ് മുഖ്യമന്ത്രി. ആദ്യം വി.എസിനെയും കോടിയേരിയും പിന്നീട് മന്ത്രിമാരെയും അദ്ദേഹം ക്വാറന്‍റീനിലാക്കി.

ആത്മീയ കള്ളക്കടത്താണ് ഒരു മന്ത്രിക്കെതിരായ ആരോപണം. വിശുദ്ധ ഖുർആൻ വിതരണം ചെയ്യുന്നത് എടപ്പാളിലാണ്. എടപ്പാളിനടുത്ത് സി.എച്ച് പ്രസ് എന്ന സ്ഥാപനമുണ്ട്. അവിടെ നിന്നാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഖുർആൻ അയക്കുന്നത്.

ഖുർആൻ വരിതെറ്റാതെ ചൊല്ലാൻ പതിനായിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ച മതസംഘടനകൾ സംസ്ഥാനത്തുണ്ട്. പിടികൂടിയ യുദ്ധത്തടവുകാരെ വിട്ടയക്കാൻ കരാറായി പ്രവാചകൻ വെച്ചിരുന്നത് ഖുർആൻ പഠിപ്പിക്കാനാണ്. ഖുർആന്‍റെ പ്രചാരണത്തിന് നിരവധി മാർഗങ്ങളുണ്ട്. കള്ളക്കടത്തു വഴി ഖുർആൻ പഠിപ്പിക്കാമെന്ന് പറയുന്ന ആദ്യ സർക്കാറാണിത്. ഖുർആൻ തിരിച്ചു കൊടുക്കാമെന്ന് മന്ത്രി പറയുന്നു. എന്നാൽ, സ്വർണം തിരികെ കൊടുക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്.

എല്ലാ ദിവസും വൈകീട്ട് ആറു മണിക്ക് മുഖ്യമന്ത്രിയുടെ ഇരുവശത്തും ഇരിക്കുന്ന ആരോഗ്യ മന്ത്രിയും റവന്യൂ മന്ത്രിയും പ്രാണായാമം പരിശീലിക്കുകയാണ്. നാലു വർഷം അഴിമതിയുടെ നാറ്റം സഹിച്ച മന്ത്രി ജി. സുധാകരന് ഇപ്പോൾ സുഗന്ധമായി തോന്നുന്നു. ഇതുപോലൊരു സർക്കാറുണ്ടോ‍? കുടുംബം അടക്കം കക്കാനിറങ്ങുക. പണ്ട് പാർട്ടി ക്ലാസുകളിൽ ദാസ് കാപ്പിറ്റലിസവും കമ്യൂണിസവും പഠിപ്പിച്ചുവെങ്കിൽ ഇപ്പോൾ ചോര പുരാണമാണ് പഠിപ്പിക്കുന്നത്.

എങ്ങനെ കളവു നടത്തണം, എങ്ങനെ പ്രളയ ഫണ്ട് അടിച്ചുമാറ്റാം എന്നൊക്കെയാണ്. നാട്ടിൻ പുറങ്ങളിൽ പറയാറുണ്ട് ശർക്കര കുടത്തിൽ കയ്യിട്ടുവാരുക എന്ന്. അതും വാരിയില്ലേ? റേഷൻ ചാക്കിലെ ശർക്കര വാങ്ങിയതിൽ അഴിമതി നടത്തിയ ആളുകളാണ് നിങ്ങളെന്നും കെ.എം ഷാജി പറഞ്ഞു.

യുദ്ധവും ദുരന്തവും കൊതിക്കുന്ന ഭരണാധികാരികൾ രാജ്യത്തുണ്ടാകും. അവർ സ്വേച്ഛാധിപതികൾ ആണെന്നാണ് ചരിത്രം പറയുന്നത്. പൗരന്മാരെ ജയിലിലടക്കാതെ അവരുടെ ഭരണാവകാശങ്ങൾ എങ്ങനെ തടവറയിൽവെക്കാമെന്ന് ആ ഭരണാധികാരികൾക്ക് അറിയാം. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്.

കോവിഡ് എന്ന ദുരന്തത്തിന്‍റെ മറവിൽ ആഘോഷിക്കുകയാണ് കേന്ദ്ര സർക്കാറും കേരളവും. വിമാനത്താവളം വിറ്റത് സർക്കാർ അറിഞ്ഞില്ലെന്നാണ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞത്. നിങ്ങൾ അറിഞ്ഞില്ലാരിക്കാം, പക്ഷേ കുടുംബക്കാർ പൈസയൊക്കെ അടിച്ചുമാറ്റി പോയിട്ടുണ്ടെന്നും കെ.എം ഷാജി വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.