തിരുവനന്തപുരം: കേരളത്തിന് 13,608 കോടി രൂപ കൂടി വായ്പ എടുക്കാൻ അനുമതി നല്‍കാമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം സമ്മതിച്ചത് ശുഭകരമായ കാര്യമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ സാമ്പത്തിക പാദത്തിൽ കിട്ടേണ്ട തുകയാണ് 13,608 കോടി. ഇത് പുതുതായി കിട്ടിയ വലിയ തുകയല്ല. സംസ്ഥാനത്തിന്റെ വായ്പ പരിധിയുമായി ബന്ധപ്പെട്ട് 26,000 കോടി രൂപയുടെ കാര്യത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമുണ്ട്.
ഇക്കാര്യം അടിയന്തരമായി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി തലത്തിൽ തന്നെ ഉദ്യോഗസ്ഥർ ഉടൻ ഇക്കാര്യം പരിശോധിക്കും. ഭരണഘടനാപരമായി കോടതിയിൽ പോകാനും സ്യൂട്ട് സമർപ്പിക്കാനും സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കോടതി അടിവരയിട്ടുവെന്നതാണ് പ്രധാനം.
കേസുമായി ബന്ധപ്പെട്ട് അധികം കാര്യങ്ങൾ പറയാനില്ല. വിവാദം ഉണ്ടാക്കരുതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിൽ തർക്കങ്ങളുണ്ടാവേണ്ട കാര്യമില്ല. കോഓപറേറ്റീവ് ഫെഡറലിസം ശക്തിപ്പെടുത്തി മുന്നോട്ടുപോകണം. ശമ്പളവിതരണം പുരോഗമിക്കുന്നുണ്ട്. ഇപ്പോൾ നിയന്ത്രണമില്ല. മിക്കവാറും പേർക്കും ശമ്പളം കിട്ടിയിട്ടുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.