കരിപ്പൂർ: ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ശനിയാഴ്ച അവസാനിക്കാനിരിക്കെ ക്വോട്ട തികക്കാൻ പോലും അപേക്ഷകരില്ല. ഹജ്ജ് നയത്തിൽ വന്ന മാറ്റവും സാമ്പത്തിക പ്രതിസന്ധിയുമാണ് അപേക്ഷ കുറയാൻ കാരണം. കേരളത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് അപേക്ഷകർ കുത്തനെ കുറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 1,25,000ത്തോളം പേരാണ് ഹജ്ജിന് പുറപ്പെടുക.
നിലവിൽ എല്ലാ സംസ്ഥാനങ്ങളിലുമായി ചൊവ്വാഴ്ച വരെ 1,10,000 അപേക്ഷ മാത്രമാണ് ലഭിച്ചത്. മുൻ വർഷം 3,55,604 അപേക്ഷ ലഭിച്ച സ്ഥാനത്താണ് ഇൗ കുറവ്. അപേക്ഷ കുറഞ്ഞതോടെ സമയപരിധി നീട്ടുന്നത് വെള്ളിയാഴ്ച ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി പരിഗണിക്കും.
അഞ്ചാം വർഷ അേപക്ഷകരുടെ സംവരണം പിൻവലിച്ചതാണ് കുറയാൻ പ്രധാന കാരണമായി പറയുന്നത്. കൂടാതെ, സാമ്പത്തിക പ്രതിസന്ധിയും ബാധിച്ചതായി ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥർ പറയുന്നു. തുടർച്ചയായി അഞ്ച് വർഷം അപേക്ഷിക്കുന്നതോടെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേരത്തെ ഒാരോ തീർഥാടകനും അപേക്ഷിച്ചിരുന്നത്. അഞ്ചാം വർഷം പോകാമെന്ന ധാരണയിൽ സാമ്പത്തികമായും മാനസികമായും ഒരുങ്ങാനും സാധിച്ചിരുന്നു. എന്നാൽ, പുതിയ നയപ്രകാരം 2018 മുതൽ എല്ലാ അപേക്ഷകളും ഒന്നിച്ച് പരിഗണിച്ച് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നതിലേക്ക് മാറി.
കഴിഞ്ഞ വർഷം ഇൗ വിഷയത്തിൽ കോടതിയിൽനിന്ന് അനുകൂല ഉത്തരവ് പ്രതീക്ഷിച്ച് നിരവധി പേർ അപേക്ഷിച്ചിരുന്നു. ഇൗ വർഷം മുതൽ പൂർണമായി പുതിയ അപേക്ഷകരാണുള്ളത്. അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ സാമ്പത്തിക ഭദ്രതയുള്ളവർ മാത്രമാണ് ഇപ്പോൾ അപേക്ഷിക്കുന്നത്.
കേരളത്തിൽ ബുധനാഴ്ച വരെ 24,078 അപേക്ഷ മാത്രമാണ് ലഭിച്ചത്. 776 പേർ 70 വയസ്സിന് മുകളിൽ യാത്ര ഉറപ്പിച്ചവരാണ്. 45 വയസ്സിന് മുകളിലുള്ള, മെഹ്റമില്ലാത്ത സ്ത്രീകളുടെ അപേക്ഷയിൽ 936 ഉം ജനറലിൽ 22,366 ഉം പേരുമാണുള്ളത്. കേരളത്തിൽ കഴിഞ്ഞ വർഷം 69,783 അപേക്ഷകരാണുണ്ടായിരുന്നത്. 2017ൽ 95,238ഉം, 2016ൽ 76,417ഉം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.