'അമ്മ' ഭാരവാഹികൾ  (ഫയൽ ഫോട്ടോ: ബൈജു കൊടുവള്ളി)

'അമ്മ' എക്സിക്യൂട്ടിവിൽ നിന്ന് എല്ലാവരും രാജിവെച്ചിട്ടില്ല'; എതിർപ്പുമായി സരയൂ മോഹൻ

കൊച്ചി: 'അമ്മ' എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്ന് എല്ലാവരും രാജിവെച്ചിട്ടില്ലെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സരയൂ മോഹൻ. ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനം ഏകകണ്ഠമല്ല. രാജിവെക്കാൻ തയാറല്ലെന്ന നിലപാടാണ് യോഗത്തിലും പറഞ്ഞതെന്നും സരയൂ വ്യക്തമാക്കി. മോഹൻലാലിനൊപ്പം രാജിവെച്ചത് 12 പേരാണ്. നാലുപേർ രാജിവെച്ചിട്ടില്ല. സരയൂ മോഹൻ, അനന്യ, ടൊവീനോ തോമസ്, വിനു മോഹൻ എന്നിവരാണ് രാജിവെക്കാതിരുന്നതെന്നാണ് വിവരം. 

സിദ്ദിഖ് നടത്തിയ വാർത്തസമ്മേളനം തെറ്റായിപ്പോയെന്ന അഭിപ്രായം എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പറഞ്ഞിട്ടുണ്ടെന്ന് സരയൂ പറഞ്ഞു. കമ്മിറ്റി പിരിച്ചുവിടണമെന്ന തീരുമാനം താൻ എടുത്തിട്ടില്ല. എന്നാൽ, ഒരു സംഘടനയിലെ ഭൂരിഭാഗവും രാജിവെക്കുമ്പോൾ കമ്മിറ്റിക്കും രാജിവെക്കേണ്ടിവരും. പക്ഷേ, രാജിവെക്കാനുള്ള തീരുമാനം ഐക്യകണ്ഠമല്ല -സരയൂ മോഹൻ പറഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കും ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾക്കും പിന്നാലെയാണ് താര സംഘടനയായ ‘അമ്മ’യിൽ ഇന്നലെ കൂട്ടരാജിയുണ്ടായത്. സംഘടനയുടെ ഭരണസമിതിയെ പിരിച്ചുവിട്ടുവെന്നാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നടൻ മോഹൻലാൽ ആദ്യം രാജിവെച്ചു. പിന്നാലെ 17 അംഗ എക്സിക്യൂട്ടീവ് അം​ഗങ്ങളും സംഘടനയിൽനിന്ന് രാജിവെച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായും അറിയിപ്പുണ്ടാവുകയായിരുന്നു.

ഓൺലൈനായി ചേർന്ന യോഗത്തിലാണ് സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി രാജിവെക്കാൻ തീരുമാനിച്ചത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കുന്നു എന്നാണ് മോഹൻലാൽ വ്യക്തമാക്കിയത്. ലൈംഗിക പീഡന ആരോപണമുയർന്നതിനു പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് നേരത്തെ രാജിവെച്ചിരുന്നു.

'അമ്മ' കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ വിമർശിച്ച് ഷമ്മി തിലകൻ, അനൂപ് ചന്ദ്രൻ എന്നിവർ ഇന്നലെ രംഗത്തെത്തിയിരുന്നു. ഉത്തരംമുട്ടിയപ്പോഴുള്ള ഒളിച്ചോട്ടമാണ് കമ്മിറ്റി മുഴുവനായും രാജിവെച്ച നടപടിയെന്ന് ഷമ്മി തിലകൻ പ്രതികരിച്ചിരുന്നു. 

Tags:    
News Summary - Not everyone has resigned from the 'Amma' executive'; Sarayu protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.