അതിവേഗ റെയിലല്ല, സബര്‍ബന്‍ ആണ് പ്രായോഗികം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യു.ഡി.എഫ്​ സർക്കാറിൻെറ കാലത്ത് ഏറെ മുന്നോട്ടുപോയതും ചെലവുകുറഞ്ഞതും പ്രായോഗികവുമായ സബര്‍ബന്‍ റെയില്‍ പദ്ധതിയെ ഉരുട്ടി താഴെയിട്ടിട്ടാണ് കീറാമുട്ടിപോലുള്ള സില്‍വര്‍ ലൈന്‍ പദ്ധതിയെ ഉരുട്ടിക്കയറ്റുന്നതെന്ന്​ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് (സില്‍വര്‍ ലൈന്‍) ഉടന്‍ അംഗീകാരം കിട്ടുമെന്ന സര്‍ക്കാറിൻെറ അവകാശവവാദം കേള്‍ക്കുമ്പോള്‍ അതിശയമാണു തോന്നുന്ന​െതന്ന്​ അദ്ദേഹം പറഞ്ഞു.

സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് കേരളത്തിൻെറ മുടക്ക് പരമാവധി 6,000 കോടിയാണെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചെലവ് 63,491 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ച് രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുന്ന സംസ്ഥാനത്തിൻെറ ട്രഷറിയില്‍ നിന്ന് ഇത്രയും വലിയ തുക എവിടെനിന്നു കണ്ടെത്തും?.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ ലൈനും തിരൂര്‍ മുതല്‍ കാസര്‍കോട്​ വരെ സമാന്തര ലൈനുമാണ് വേണ്ടിവരുന്നത്. ആദ്യം ഉണ്ടായിരുന്ന ഹൈസ്പീഡ് റെയില്‍ പദ്ധതി പൊടിതട്ടിയെടുത്ത് രൂപമാറ്റം വരുത്തിയ പദ്ധതിയാണിത്. ഇതിൻെറ ഡി.പി.ആര്‍ ഉണ്ടാക്കാന്‍ മാത്രം 30 കോടി രൂപ ചെലവഴിച്ചു. റെയില്‍വെ പദ്ധതികള്‍ക്കായി കേരള റെയില്‍ ഡവല്പമെൻറ്​ കോര്‍പറേഷന്‍ രൂപീകരിക്കുകയും പാര്‍ട്ടിക്കാരെ കുടിയിരുത്തുകയും ചെയ്തു. സ്ഥലമെടുപ്പിനെതിരേ പലയിടത്തും സി.പി.എമ്മിൻെറ നേതൃത്വത്തില്‍പോലും പ്രതിഷേധം ഉയരുന്നുണ്ട്.

2013ലാണ് യു.ഡി.എഫ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് സംയുക്ത സംരംഭം എന്ന നിലയില്‍ സബര്‍ബന്‍ റെയില്‍ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള റെയില്‍വെ ലൈനിലെ സിഗ്നലുകള്‍ ആധുനികവത്കരിച്ച് നടപ്പാക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഇരട്ടപ്പാത പൂര്‍ത്തിയായ ചെങ്ങന്നൂര്‍ വരെയുള്ള 125 കിലോമീറ്ററിന് 1200 കോടിയാണ് മതിപ്പ് ചെലവ്. 600 കിലോമീറ്ററിന് മൊത്തം 12,000 കോടി രൂപ ചെലവില്‍ കേന്ദ്രവും കേരളവും പപ്പാതി ചെലവു വഹിക്കണം. റെയില്‍വെ പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളിയായ സ്ഥലമെടുപ്പ് ഈ പദ്ധതിയിലില്ല.

വി.എസ്. അച്യുതാനന്ദര്‍ സര്‍ക്കാറിൻെറ കാലത്ത് 2009ല്‍ പ്രഖ്യാപിച്ച കേരള ഹൈസ്പീഡ് റെയില്‍ പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുകയും ഇ. ശ്രീധരൻെറ നേതൃത്വത്തില്‍ ഡി.എം.ആർ.സി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 1,27,000 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിച്ചത്. താങ്ങാനാവാത്ത പദ്ധതി ചെലവും സ്ഥലമെടുപ്പിനെതിരേ ഉയര്‍ന്ന പ്രതിഷേധവും പരിഗണിച്ച് മുന്നോട്ടുപോയില്ല. തുടര്‍ന്നാണ് സബര്‍ബന്‍ പദ്ധതിയിലേക്കു തിരിഞ്ഞത്.

അമിതമായ സാമ്പത്തിക ബാധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത് കേരളത്തിന് എടുത്താല്‍ പൊങ്ങില്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കു പകരം സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്ഥലമെടുപ്പ് ഇല്ലാത്തതുമായ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയിലേക്കു തിരിച്ചുപോകുന്നതാകും ഉചിതമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Tags:    
News Summary - not high speed rail Suburban is practical Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.