വ​യ​നാ​ട്​ പാ​ക്കം മ​ഠം​ക​ു​ന്ന്​ കോ​ള​നി​യി​ലെ വീ​ടു​ക​ളി​ലൊന്ന്​

നവകേരളത്തിലല്ല... മൂന്നു പതിറ്റാണ്ടായി ഇവർ ജീവിക്കുന്നത്​ ദുരിതങ്ങളുടെ കുന്നിൻമുകളിൽ

കൽപറ്റ: ചുറ്റും കാരാപ്പുഴ ഡാമിെൻറ ജലാശയം തീർക്കുന്ന പ്രശാന്ത സുന്ദരമായ അന്തരീക്ഷം. തടാകത്തിന് നടുവിൽ ദ്വീപെന്ന പോലെയൊരു കുന്ന്. പുറമെനിന്നു കാണുേമ്പാൾ അതിമേനാഹരം. പക്ഷേ, ആ കാഴ്ചകൾക്ക് നേർവിപരീതമാണ് അതിനുമുകളിൽ അധിവസിക്കുന്നവരുടെ ജീവിതം. അത്രമേൽ പരിരക്ഷ കിട്ടേണ്ട ആദിവാസി വിഭാഗക്കാരായ നാൽപതോളം പണിയ കുടുംബങ്ങളാണിവിടെ. ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും ശോച്യമായ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നവെരന്ന റെക്കോഡ് മുട്ടിൽ പഞ്ചായത്തിലെ പാക്കം പത്താം വാർഡിൽ ഏഴാംചിറ മഠംകുന്ന് കോളനിയിലെ ഈ പാവങ്ങൾക്കാവും. മൂന്നു പതിറ്റാണ്ടിലേറെയായി വീട്, കുടിവെള്ളം, വൈദ്യുതി, റോഡ്, ശൗചാലയം എന്നിവയൊന്നുമില്ലാതെ ദുരിത ജീവിതം തള്ളിനീക്കുകയാണിവർ.

ജില്ല ഭരണ സിരാകേന്ദ്രത്തിൽനിന്ന് 12 കിലോമീറ്റർ മാത്രം അകലെയാണിവർ. ഇവിടെ താമസം തുടങ്ങി കാലമേറെയായിട്ടും സ്ഥലത്തിന് കൈവശരേഖ കിട്ടാത്തതുകൊണ്ടാണ് ആനുകൂല്യങ്ങളൊക്കെ അന്യമായത്. ഇറിഗേഷൻ ഡിപാർട്െമൻറ് ഈ സ്ഥലം ഇവർക്ക് വിട്ടുകൊടുത്തതാണെന്ന് പട്ടികവർഗ വകുപ്പ് അധികൃതർ പറയുന്നു. റവന്യൂ വകുപ്പ് സ്ഥലം അളന്നു തിട്ടപ്പെടുത്തി കൊടുത്താൽ തങ്ങൾക്ക് ഉടമസ്ഥാവകാശം ലഭിക്കുമെന്നും അതോടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും പ്രതീക്ഷിച്ച് ഇവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

ഏതുനിമിഷവും ഇടിഞ്ഞുപൊളിഞ്ഞു വീഴാവുന്ന ചെറുകൂരകൾക്കു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് ഇവരുടെ താമസം. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണിവിടം. 'ഇവിടെ താമസിക്കാൻ പേടിയില്ലേ?' എന്ന ചോദ്യത്തിന് 'പേടിച്ചിട്ടെന്തു കാര്യം..വേറെ വഴിയില്ലല്ലോ' എന്ന് വയോധികയായ അമ്മിണിയുടെ മറുപടി. തൊട്ടപ്പുറത്തെ കുന്നിൽ, അധികൃതരുടെ പരിലാളനകൾക്കു നടുവിൽ നിരനിരയായി ആഡംബര റിസോർട്ടുകൾ തലയുയർത്തിനിൽക്കുേമ്പാഴാണ് ഇവരുടെ നരകജീവിതം നാേളറെയായി തുടരുന്നത്.

കോളനിയിൽ കിണറുകളോ കുടിവെള്ള പൈപ്പോ ഒന്നുമില്ല. ഡാമിലെ വെള്ളക്കെട്ടിേനാട് ചേർന്ന് കുഴിയെടുത്ത് അതിൽനിന്ന് െവള്ളമെടുത്താണിവർ കഴിയുന്നത്. റോഡില്ലാതെ ഒരു ഇടവഴി മാത്രമാണ് ഇവിടേക്കുള്ളത്. രോഗികളെ എടുത്തുകൊണ്ടുപോേകണ്ട അവസ്ഥയാണ്.

ഒരു മൊട്ടുസൂചി വാങ്ങണമെങ്കിൽപോലും രണ്ടു കിലോമീറ്റർ നടക്കണം. ട്രൈബൽ വെൽഫെയർ സൊസൈറ്റി ഇടപെട്ട് അഞ്ചാറു വർഷം മുമ്പ് റേഷൻ കാർഡ് ലഭ്യമാക്കിയതുമാത്രമാണ് തേടിയെത്തിയ ഏക ആനുകൂല്യമെന്ന് വെല്ലനും ഭാര്യ ലീലയും പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസമാണ് ഇവരെ അലട്ടുന്ന വലിയ പ്രശ്നം. മിക്കവർക്കും മൊബൈൽ ഫോണില്ല.ഉള്ളവർക്ക് ചാർജ് ചെയ്യാൻ ൈവദ്യുതിയുമില്ല. കോവിഡ് കാലത്ത് ഇവിടത്തെ കുട്ടികൾക്ക് ഒാൺലൈൻ പഠനം സാധ്യമായിട്ടില്ല. ബസ് കിട്ടാൻ രണ്ടു കി.മീ നടക്കേണ്ടതിനാൽ ഇപ്പോൾ സ്കൂളിൽ പോകാത്തവരുമേറെയാണ്.

Tags:    
News Summary - Not in Nava Kerala They have been living on the hills of misery for three decades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.